കൊച്ചിയിൽ വൻ ലഹരിവേട്ട: 30 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
BY: HABEEB IDAPALLY
കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി എറണാകുളം കലൂരിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ വിലവരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശിയായ അബ്ദുൽ ഹായി മുല്ല (22, പിതാവ്: ഇയാസിൻ മുല്ല) ആണ് പൊലീസിന്റെ പിടിയിലായത്.
ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി വിജയവാഡ വഴി ട്രെയിനിൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ഇവിടെയുള്ള മൊത്ത വിതരണക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്. ഇവർ കേരളത്തിലെത്തിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. കഞ്ചാവ് വാങ്ങാനെത്തിയവരെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും കൊച്ചി സിറ്റി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുറച്ചുനാളുകളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡി.സി.പിമാരായ മോഹിത് റാവത്ത് ഐ.പി.എസ്, അരുൺ പവിത്രൻ ഐ.പി.എസ്, നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും പിടിച്ചെടുത്ത കഞ്ചാവും കൊച്ചി നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയുടെ വിലാസം: അബ്ദുൽ ഹായി മുല്ല (22), എസ്/ഒ: ഇയാസിൻ മുല്ല, ഹരേ കൃഷ്ണപുർ, സാഗർ പാരാ പി.എസ്, മുർഷിദാബാദ് ജില്ല, പശ്ചിമ ബംഗാൾ – 742305.
