നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനം
തൃശൂർ: ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കരാർ കമ്പനി ടോൾ പിരിവ് താൽക്കാലികമായി നിർത്തിയത്.
ദേശീയപാത 66-ലെ റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകാതെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാൻ കമ്പനി നടത്തിയ നീക്കമാണ് വീണ്ടും സംഘർഷത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്. ഇതിനെതിരെ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടുകയായിരുന്നു.
ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതി ദേശീയപാതയിൽ പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ റോഡ് പണി പൂർത്തിയാകാതെ വീണ്ടും ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചാൽ സമരം ടോൾ പ്ലാസയും കടന്ന് തൃശൂർ കളക്ടറേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
