പാരമ്പര്യ നെൽവിത്തുകളുടെ കാവലാൾ, പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന, കേരളത്തിന്റെ കാർഷിക പൈതൃകത്തിന്റെ പെരുമ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പത്മശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വയനാട്ടുകാരുടെ സ്വന്തം ‘നെല്ലച്ഛൻ’.
ജീവിതരേഖയും കാർഷിക വഴികളും
- ജനനം: 1952 ജൂൺ 6-ന് വയനാട് മാനന്തവാടി കമ്മനയിൽ. കുറിച്യ സമുദായാംഗം.
- ആരംഭം: പത്താമത്തെ വയസ്സിൽ കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം, 1969-ൽ കണ്ണൂർ ഡി.എം.ഒ ഓഫീസിൽ ലഭിച്ച സർക്കാർ ജോലിപോലും കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു.
- സമ്പാദ്യം: അന്യംനിന്നുപോകുമായിരുന്ന 45-ലേറെ വരുന്ന തദ്ദേശീയ നെൽവിത്തിനങ്ങളെ സ്വന്തം പാടത്ത് ജൈവരീതിയിൽ സംരക്ഷിച്ചു. നെൽവിത്തുകൾക്കു പുറമേ നാടൻ പച്ചക്കറികളും ഔഷധസസ്യങ്ങളും വൃക്ഷങ്ങളും അദ്ദേഹം പച്ചപ്പായി നിലനിർത്തി.
വിത്തുസൂക്ഷ്മതയുടെ തനിമ
വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ച ശേഷം ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോൽ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും സൂക്ഷിക്കുന്ന പാരമ്പര്യ രീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. ഈ രീതിയിൽ സൂക്ഷിക്കുന്ന വിത്തുകൾക്ക് രണ്ടു വർഷം വരെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടില്ലായിരുന്നു. അടുത്ത കൃഷിക്കാലത്ത് പണത്തിന് പകരം വിത്തുകൾ തന്നെ തിരികെ നൽകണമെന്ന നിബന്ധനയോടെയായിരുന്നു അദ്ദേഹം മറ്റുള്ളവർക്ക് വിത്തുകൾ നൽകിയിരുന്നത്.
അംഗീകാരങ്ങൾ
- 2011: ഹൈദരാബാദിൽ നടന്ന പതിനൊന്ന് രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരള കർഷകരുടെ പ്രതിനിധി.
- 2016: കേന്ദ്ര കൃഷി വകുപ്പിന്റെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്.
- 2023: രാസവളങ്ങളോ ആധുനിക യന്ത്രങ്ങളോ ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങിയുള്ള കാർഷിക ശൈലിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ നൽകി ആദരിച്ചു.
കുടുംബം:
- ഭാര്യ: ഗീത
- മക്കൾ: രമണി, രമേശൻ, രാജേഷ്
കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത വലിയൊരു കർഷക പ്രതിഭയുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണ്..
