നവരാത്രി: ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു; തുടർച്ചയായി നാല് ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും സർക്കാർ ജീവനക്കാരും കാത്തിരുന്ന സന്തോഷവാർത്ത എത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച് ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസം അവധി ആസ്വദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
നാല് ദിവസത്തെ തുടർച്ചയായ അവധി ഇങ്ങനെ:
- ഞായറാഴ്ച: വാരാന്ത്യ അവധി / പൂജവയ്പ്പ് (ഒക്ടോബർ 18)
- തിങ്കളാഴ്ച: പ്രത്യേക പൂജവയ്പ്പ് അവധി (ഒക്ടോബർ 19)
- ചൊവ്വാഴ്ച: മഹാനവമി അവധി (ഒക്ടോബർ 20)
- ബുധനാഴ്ച: വിജയദശമി അവധി (ഒക്ടോബർ 21)
പുതിയ ഉത്തരവ് പ്രകാരം സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. കേരളത്തിൽ ഇത്തവണ പൂജവയ്പ്പ് ഒക്ടോബർ 18 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ച കൂടി അവധി നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ അടിയന്തര നടപടി.
പൂജവയ്പ്പ് നേരത്തെയാകാൻ കാരണം:
ഇത്തവണ പൂജവയ്പ്പ് ഒരു ദിവസം മുന്നോട്ട് വന്നതിന്റെ കാരണം പ്രമുഖ ജ്യോതിഷി ഡോ. എൻ.ആർ പൊതുവാൾ വിശദീകരിച്ചു. നവരാത്രി പൂജവയ്പ്പ് നടത്തേണ്ടത് അഷ്ടമി തിഥിയിലാണ്. എന്നാൽ ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് മുൻപായി അഷ്ടമി തിഥി അവസാനിക്കുകയാണ്. സാധാരണ ഗതിയിൽ വൈകുന്നേരമാണ് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുക എന്നതിനാൽ, 19ന് വൈകുന്നേരം നവമി തിഥി വരുന്നതുകൊണ്ട് ഒക്ടോബർ 18ന് ഞായറാഴ്ച വൈകുന്നേരം തന്നെ ഗ്രന്ഥങ്ങൾ പൂജയ്ക്ക് വെക്കേണ്ട സാഹചര്യം വരികയായിരുന്നു.
ഈ വർഷം ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആചരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വെയ്ക്കും.
