ആലുവ മാർത്താണ്ഡവർമ്മ, ദേശം പാലങ്ങൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം ഒക്ടോബർ 28 മുതൽ
BY: HABEEB IDAPALLY
കൊച്ചി: ദേശീയപാതയിൽ കൊച്ചി നഗരത്തിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗങ്ങളായ ആലുവയിലെ മാർത്താണ്ഡവർമ്മ പഴയ പാലവും ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു. ഒക്ടോബർ 28 മുതൽ നവംബർ 8 വരെയാണ് പാലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നത്. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായും അടച്ചിടും. അതേസമയം, ദേശം പാലത്തിൽ ഒരു വരിയായിട്ടായിരിക്കും (വൺ ലൈൻ) വാഹനങ്ങൾ കടത്തിവിടുക.
അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാലങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മാർത്താണ്ഡവർമ്മ പാലത്തിലെ സ്പാനുകൾക്കിടയിലുള്ള എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്.
പാത അടയ്ക്കുന്നതോടെ ഉണ്ടാകാനിടയുള്ള കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾക്കായി പൊലീസ് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ സഹായിക്കാൻ ദേശീയപാത അതോറിറ്റിയുടെ ട്രാഫിക് ജീവനക്കാരെയും നിയോഗിക്കും. പണി നടക്കുന്നതിനിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ കേടാവുകയോ ചെയ്താൽ ഉടൻ നീക്കം ചെയ്യാൻ ക്രെയിൻ സൗകര്യവും സജ്ജമാക്കും.
കടുത്ത യാത്ര ബുദ്ധിമുട്ട് ഒഴിവാക്കാൻ അറ്റകുറ്റപ്പണി സ്കൂൾ അവധിക്കാലത്തേക്ക് മാറ്റണമെന്ന് എം.എൽ.എ യോഗത്തിൽ നിർദേശിച്ചെങ്കിലും, പാലങ്ങളുടെ സുരക്ഷ മുൻനിർത്തി ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കുകയായിരുന്നു.
