പിഎസ്‌സി ചരിത്രത്തിലാദ്യം! ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറുടെ അസാധാരണ നീക്കം; രാഷ്ട്രപതിക്ക് അടിയന്തര ശുപാർശ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ചുമതലയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് ഗവർണർ നടത്തിയ ഈ നിർണായക നീക്കം സംസ്ഥാന ചരിത്രത്തിലാദ്യത്തേതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരമാണ് ഗവർണർ പുറത്താക്കൽ ശുപാർശ കൈമാറിയിരിക്കുന്നത്.
പിഎസ്‌സി നടത്തുന്ന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് ഗവർണറുടെ അസാധാരണ നടപടി. പിഎസ്‌സി ചെയർമാനും അംഗങ്ങളും സംശയനിഴലിലാണെന്നും, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇവരെ നീക്കണമെന്നുമാണ് ഗവർണറുടെ നിലപാട്. പിഎസ്.സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ടും ഇതിനൊപ്പം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര വിജിലൻസിന്റെയും ക്രൈംബ്രാഞ്ച് എസ്.ഐ.ടിയുടെയും (SIT) അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെ, രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥരെക്കൂടി കേസിൽ പ്രതി ചേർക്കാൻ നീക്കം സജീവമായിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകും.
