സമരപ്പന്തൽ പൊളിച്ചിട്ടും പിന്മാറാതെ ഉദ്യോഗാർഥികൾ; രാത്രിയിൽ പന്തൽ പുനഃസ്ഥാപിച്ച് ഡിവൈഎഫ്ഐ, എൽപിഎസ്ടി സമരം ശക്തമാകുന്നു
വളർമതിയുടെ അറസ്റ്റിന് പിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരത്തിൽ; പിന്തുണയുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും; പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. പൊലീസ് നീക്കം ചെയ്ത സമരപ്പന്തൽ രാത്രിതന്നെ പുനഃസ്ഥാപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. സമരത്തിന് നേതൃത്വം നൽകിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.റാങ്ക് ലിസ്റ്റിൽ 10 മുതൽ 15 വരെയുള്ള ഉദ്യോഗാർഥികളാണ് നിലവിൽ സമരരംഗത്തുള്ളത്. നേരത്തെ പന്തൽ ഉണ്ടായിരുന്ന അതേ സ്ഥലത്ത് ടാർപോളിൻ ഉപയോഗിച്ച് താൽക്കാലിക പന്തൽ ഒരുക്കിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സമരം പുനരാരംഭിക്കാൻ സഹായിച്ചത്. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.നിയമന ഉത്തരവ് ലഭിക്കും വരെ നിരാഹാരംവളർമതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചത്. നിയമന ഉത്തരവ് ലഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. സമരപ്പന്തൽ പൊളിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും പ്രതിഷേധത്തെ തകർക്കാനാവില്ലെന്നും റാങ്ക് ലിസ്റ്റിലെ അർഹരായ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.പിന്തുണയുമായി ഡിവൈഎഫ്ഐയും യുവമോർച്ചയുംഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പമാണ് സംഘടനയെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.അതേസമയം, യുവമോർച്ചയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിലായ വളർമതി തിരിച്ചെത്തുന്നതുവരെ പ്രവർത്തകർ സമരപ്പന്തലിൽ തുടരാനാണ് തീരുമാനം. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം ശക്തമാക്കുമെന്നും യുവമോർച്ച നേതാക്കൾ വ്യക്തമാക്കി.ഹൈക്കോടതി നിർദേശപ്രകാരമെന്ന് പൊലീസ്ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സമരപ്പന്തൽ നീക്കം ചെയ്തതെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ വിശദീകരണം. റോഡരികിലെ സ്ഥിരം പന്തലാണ് നീക്കം ചെയ്തതെന്നും താൽക്കാലിക പന്തലുകൾ പൊളിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രാത്രിയിൽ പന്തൽ പുനഃസ്ഥാപിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനമുന്നയിച്ചു.സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്നത് ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രിയല്ലേ ഇപ്പോൾ ഇത്തരം നടപടികൾക്ക് നേതൃത്വം നൽകുന്നതെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും ജനങ്ങളുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എൽഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ മാസങ്ങളോളം നടത്തിയ സമരത്തിനിടെ സമരപ്പന്തൽ പൊളിക്കാൻ സർക്കാർ തയ്യാറായിരുന്നില്ലെന്നും ഇപ്പോൾ എൽപിഎസ്ടി സമരത്തെ നേരിടുന്ന രീതി ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.പൊലീസ് നടപടിയും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലും പ്രതിഷേധത്തിന് പുതിയ മാനം നൽകിയതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
