പീരുമേട് ബഥേൽ പ്ലാന്റേഷനിലെ ഭൂമി ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മണർകാട് സ്വദേശി പരാതി നൽകി​

 പീരുമേട് ബഥേൽ പ്ലാന്റേഷനിലെ ഭൂമി ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മണർകാട് സ്വദേശി പരാതി നൽകി​

BY:SHIBU K THAMPI PEERUMEDU

കോട്ടയം : ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ സ്ഥിതി ചെയ്യുന്ന ബഥേൽ പ്ലാന്റേഷൻസിലെ (നിലവിൽ ഗോൾഡ് വ്യൂ വ്യാപാർ) 2,800 ഏക്കർ തോട്ടഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്ന കോടികളുടെ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം മണർകാട് സ്വദേശി കെ. വി. സുരേഷ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി, രജിസ്ട്രേഷൻ ഐ.ജി, സംസ്ഥാന പോലീസ് മേധാവി, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ പത്തനംതിട്ട സ്വദേശി തോമസ് മാത്യുവിനെതിരെയാണ് പ്രധാന ആരോപണങ്ങൾ.​പരാതിയിലെ പ്രധാന ആരോപണങ്ങൾ:​സർക്കാർ തർക്കഭൂമിയുടെ കൈമാറ്റം: ഏലപ്പാറ, പീരുമേട് വില്ലേജുകളിലായി പ്ലാന്റേഷന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ വകയാണെന്ന് വാദിച്ച് സർക്കാർ കട്ടപ്പന സബ് കോടതിയിൽ കേസ് നടത്തുന്നതിനിടെ, ഇതിലെ 1,200 ഏക്കർ ഭൂമി ‘ഇൻഡെൽ മണി’ എന്ന സ്ഥാപനത്തിന് അനധികൃതമായി കൈമാറിയതായി പരാതിയിൽ പറയുന്നു. ഈ നിയമവിരുദ്ധ കൈമാറ്റത്തിന് പിന്നിൽ ഇടുക്കി ജില്ലാ രജിസ്ട്രാർ, പീരുമേട് സബ് രജിസ്ട്രാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം.​വ്യാപക മരംമുറിയും പരിസ്ഥിതി നാശവും: തോട്ടത്തിൽ നിന്ന് യൂക്കാലിപ്റ്റസ് അടക്കമുള്ള വൻമരങ്ങൾ മുറിച്ചുമാറ്റി കോടികൾ സമ്പാദിച്ചതായും അനധികൃതമായി ചെക്ക് ഡാം നിർമ്മിച്ചതായും ആരോപണമുണ്ട്. 2000, 2019 വർഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (KSREC) സഹായത്തോടെ നാശനഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.​ഭൂപരിഷ്കരണ നിയമ ലംഘനം: 1963-ലെ ഭൂപരിഷ്കരണ നിയമപ്രകാരം ഭൂപരിധിയിൽ നിന്ന് ഇളവു ലഭിച്ച തോട്ടഭൂമി ചെറിയ പ്ലോട്ടുകളാക്കി വിൽക്കുന്നതായി പരാതിയിലുണ്ട്. ഫാം ഫെഡ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 600 ഏക്കറിന്റെ ഇടപാടുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.​ഏലം കർഷകരെയും നിക്ഷേപകരെയും വഞ്ചിച്ചു: വലിയ തുക മുൻകൂറായി വാങ്ങി 3-4 വർഷത്തേക്ക് കൃഷി ചെയ്യാൻ കരാർ നൽകിയ ശേഷം, ഏലം കായ്ക്കുന്ന സമയത്ത് കർഷകരെ ബലമായി കുടിയൊഴിപ്പിച്ച് വിളവെടുപ്പ് നടത്തുന്നു. കൂടാതെ, നിരവധി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭൂമി വിൽക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായും പരാതിയിലുണ്ട്.​ബഡ്സ് ആക്ടും മറ്റ് അന്വേഷണങ്ങളും: ഫാം ഫെഡ് തട്ടിപ്പിലെ കോടികളുടെ പണം ഉടമയുടെ അക്കൗണ്ടിലെത്തിയതായി മുൻപ് കണ്ടെത്തിയിരുന്നു. ഇതിൽ ബഡ്സ് (BUDS) ആക്ട് പ്രകാരമുള്ള നടപടികൾ അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ തോട്ടഭൂമി മാറ്റവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ റവന്യൂ മന്ത്രി അടൂർ പ്രകാശ് എന്നിവർക്കെതിരെ നേരത്തെ ഉയർന്ന വിജിലൻസ് അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News