മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനം; മണിക്കൂറുകളോളം ഭക്തർ ക്യൂവിൽ, ടിവി സ്ക്രീനിലേക്ക് ചെരിപ്പേറ്

 മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനം; മണിക്കൂറുകളോളം ഭക്തർ ക്യൂവിൽ, ടിവി സ്ക്രീനിലേക്ക് ചെരിപ്പേറ്

ഹാസൻ: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ക്ഷേത്രദർശനത്തെത്തുടർന്ന് മണിക്കൂറുകളോളം പൊതുദർശനം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ഭക്തർ ടെലിവിഷൻ സ്ക്രീനിലേക്ക് ചെരിപ്പെറിഞ്ഞു. ഹാസനിലെ പ്രശസ്തമായ ഹസനാംബ ക്ഷേത്രത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രത്യേക ദർശനത്തിനായി സാധാരണ ഭക്തരെ ഏറെ നേരം കാത്തുനിർത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ഞായറാഴ്ച ഉച്ചയോടെ ഭാര്യയ്ക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകോവിലിൽ പ്രവേശിച്ച് പ്രത്യേക പൂജകൾ നടത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സന്ദർശനം പൂർത്തിയാകുന്നതുവരെ പൊതുദർശനത്തിനുള്ള ക്യൂവിൽ നിന്നുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

മണിക്കൂറുകളായി ക്യൂവിൽ കാത്തുനിന്നിരുന്ന ആയിരക്കണക്കിന് ഭക്തർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. ക്യൂവിന് സമീപം സ്ഥാപിച്ചിരുന്ന ടെലിവിഷൻ സ്ക്രീനിൽ മുഖ്യമന്ത്രി ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടതോടെ പ്രതിഷേധം ശക്തമായി.

മുഖ്യമന്ത്രിയുടെ ദർശനത്തിനായി സാധാരണ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് സ്ത്രീകളടക്കമുള്ളവർ ചോദ്യം ചെയ്തു. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഒരു സ്ത്രീ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ചിലർ ചെരിപ്പൂരി മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടെലിവിഷൻ സ്ക്രീനിലേക്ക് എറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗുരുവായൂരിലും സമാനമായ പരാതികൾ

ഹാസനിലെ സംഭവം ഒരു ക്ഷേത്രത്തിലെ മാത്രം പ്രശ്നമായി കാണാനാകില്ല. ഗുരുവായൂർ ക്ഷേത്രത്തിലും വി.ഐ.പികളുടെ സന്ദർശനവും പ്രത്യേക ദർശന ക്രമീകരണങ്ങളും ഉണ്ടാകുമ്പോൾ സാധാരണ ഭക്തർക്ക് ദർശനം വൈകുന്നതായും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കേണ്ടിവരുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശന വേളകളിൽ സാധാരണ ഭക്തരുടെ ദർശനം തടസ്സപ്പെട്ടതായും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഗുരുവായൂരിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി കേരള ഹൈക്കോടതി നേരത്തെ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ഉൾപ്പെടെയുള്ള സംവിധാനങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾക്കൊപ്പം വി.ഐ.പി സന്ദർശനങ്ങളുടെ പേരിൽ പൊതുദർശനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതും അനിവാര്യമാണ്.

വി.ഐ.പി പരിഗണനയോ, സാധാരണ ഭക്തരുടെ അവകാശമോ?

ക്ഷേത്രദർശനത്തിന് എത്തുന്ന എല്ലാവർക്കും തുല്യമായ പരിഗണന ലഭിക്കേണ്ടതാണ്. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങി ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന ഭക്തരുടെ ബുദ്ധിമുട്ടുകൾ പ്രത്യേകമായി പരിഗണിക്കപ്പെടണം.

വി.ഐ.പികൾക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ അതിന്റെ പേരിൽ സാധാരണ ഭക്തരെ മണിക്കൂറുകളോളം കാത്തുനിർത്തുന്ന രീതി അവസാനിപ്പിക്കണം. വിശ്വാസികളുടെ സൗകര്യവും അവകാശവും സംരക്ഷിക്കേണ്ടത് ദേവസ്വം അധികൃതരുടെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.

വി.ഐ.പി ദർശനം സാധാരണ ഭക്തരുടെ ദുരിതത്തിന് കാരണമാകരുത്. അധികാരത്തിലുള്ളവരുടെ സൗകര്യത്തേക്കാൾ പൊതുജനങ്ങളുടെ വിശ്വാസത്തിനും സൗകര്യത്തിനുമാണ് ക്ഷേത്രഭരണ സംവിധാനങ്ങൾ മുൻഗണന നൽകേണ്ടത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News