ബംഗാൾ ഉൾക്കടലിൽ തീവ്രചക്രവാതച്ചുഴി; ഒഡീഷയിൽ ജാഗ്രത, തമിഴ്നാട് തീരങ്ങളിൽ മുന്നറിയിപ്പ് സന്ദേശം

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഒഡീഷയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഒക്ടോബർ 28-ഓടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡീഷ സർക്കാർ രക്ഷാസേനയെ വിന്യസിക്കുകയും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ വേഗത വർധിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഒക്ടോബർ 24-ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്രചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്.
അടിയന്തര സാഹചര്യം മുൻനിർത്തി ചെന്നൈ, നാഗപട്ടണം, കടലൂർ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഒമ്പത് തുറമുഖങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും മുന്നറിയിപ്പ് പതാകകൾ ഉയർത്തുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന കാറ്റ് ഒക്ടോബർ 28 പ്രഭാതത്തോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തോട് ചേർന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
