വാഗമൺ ഉളുപ്പൂണിയിൽ വൻ റവന്യൂ നിയമലംഘനം: അനധികൃത റിസോർട്ട് നിർമ്മാണം തടയണമെന്ന് ആവശ്യം

 വാഗമൺ ഉളുപ്പൂണിയിൽ വൻ റവന്യൂ നിയമലംഘനം: അനധികൃത റിസോർട്ട് നിർമ്മാണം തടയണമെന്ന് ആവശ്യം

BY: SHIBUTHAMPI IDUKKI

ഇടുക്കി: വാഗമൺ ഉളുപ്പൂണിയിൽ റവന്യൂ, പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത റിസോർട്ട് നിർമ്മാണം നടക്കുന്നതായി പരാതി. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരിവ് ഇടിച്ചുനിരത്തി ലക്ഷക്കണക്കിന് ഘനയടി മണ്ണ് റവന്യൂ അനുമതിയില്ലാതെ നീക്കം ചെയ്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ‘ഇന്ത്യൻ ആന്റി കറപ്ഷൻ & സോഷ്യൽ ജസ്റ്റിസ് മിഷൻ ട്രസ്റ്റ്’ ഭാരവാഹികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി.

ഉളുപ്പൂണിയിലെ മലമുകളിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള കൂറ്റൻ നിർമ്മാണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഹിൽ കൺസർവേഷൻ (Hill Conservation) നിയമങ്ങൾ ലംഘിച്ചും പഞ്ചായത്ത്, റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെയുമാണ് പ്രകൃതിചൂഷണം തുടരുന്നത്.

കേരള ലാൻഡ് അസൈൻമെന്റ് ആക്ട്, ലാൻഡ് കൺസർവൻസി ആക്ട്, ദുരന്തനിവാരണ നിയമം (Disaster Management Act) എന്നിവയുടെ കടുത്ത ലംഘനമാണ് പ്രദേശത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ ഉളുപ്പൂണിയിൽ റവന്യൂ വകുപ്പ് അടിയന്തരമായി സർവ്വേ നടത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നും, നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി നിർത്തിവെപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭൂമി പതിവ് നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം ഇടിച്ചുനിരത്തിയ മല പൂർവ്വസ്ഥിതിയിലാക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ ആന്റി കറപ്ഷൻ & സോഷ്യൽ ജസ്റ്റിസ് മിഷൻ ട്രസ്റ്റ് ചെയർമാൻ പി.ടി. ശ്രീകുമാർ, സ്റ്റേറ്റ് പ്രസിഡന്റ് ഷിബു കെ. തമ്പി, സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ. സന്തോഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടർ, തഹസിൽദാർ എന്നിവർക്ക് പരാതി സമർപ്പിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News