സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

 സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങൾ

കോഴിക്കോട്:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായ അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ച് വരികയായിരുന്നു.

പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ്‌ ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായി 1938-ലാണ് തങ്ങളുടെ ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950-ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ മതപഠനത്തിന് ചേർന്നു. തുടർന്ന് കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനത്തിന് ശേഷം 1965-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.

ജാമിഅ നൂരിയ്യയിലെ പ്രഥമ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായും ‘അൽ മുനീർ’ മാസികയുടെ മുഖ്യ സംഘാടകനായും പ്രവർത്തിച്ചു. പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ എന്നിവർ സതീർത്ഥ്യരായിരുന്നു. ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബാഫഖി തങ്ങൾ, കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ അധ്യക്ഷനായും പ്രവർത്തിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സമസ്തയുടെയും പോഷക സംഘടനകളുടെയും അമരത്ത് സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News