വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സമഗ്ര സംഭാവന; ആർ. ശങ്കർ സ്മാരക പുരസ്കാരം സുരേഷ് സിദ്ധാർത്ഥയ്ക്ക്

 വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സമഗ്ര സംഭാവന; ആർ. ശങ്കർ സ്മാരക പുരസ്കാരം സുരേഷ് സിദ്ധാർത്ഥയ്ക്ക്

BY: KOLLAM MOHANAN PILLA

കൊല്ലം: വിദ്യാഭ്യാസം, സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് സിദ്ധാർത്ഥയെ ഈ വർഷത്തെ ആർ. ശങ്കർ സ്മാരക പുരസ്കാരത്തിന് തിരഞ്ഞെടുത്തു. കൊല്ലം ശ്രീനാരായണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

നവംബർ എട്ടിന് ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി ദിനാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.

ശ്രീനാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ സുരേഷ് സിദ്ധാർത്ഥ, വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കേരളത്തിലെ അറിയപ്പെടുന്ന സന്നദ്ധ സംഘടനകളിലൊന്നായ സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സ്ഥാപകനാണ് അദ്ദേഹം. കൊല്ലം ജില്ലയിലെ മൂന്ന് പ്രമുഖ സി.ബി.എസ്.ഇ. വിദ്യാലയങ്ങളുടെ മാനേജർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

വിദ്യാഭ്യാസ-പ്രസാധന-കലാ-സാമൂഹിക മേഖലകളിലായി ഒട്ടേറെ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം, കബനി മാസിക, സിദ്ധാർത്ഥ പബ്ലിക്കേഷൻസ്, എം.വി. ദേവൻ കലാഗ്രാമം, ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്, സിദ്ധാർത്ഥ ബിസിനസ് കൺസേൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ഒൻപതോളം സ്ഥാപനങ്ങളുടെ സ്ഥാപകനും സാരഥിയുമാണ്.

ശ്രീനാരായണ ഗുരുദേവന്റെ ‘സർവ്വമത പാഠശാല’ എന്ന ദർശനത്തിന് പ്രായോഗിക രൂപം നൽകാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. കൊല്ലം നെടുമ്പനയിൽ നാല് ഏക്കറോളം വരുന്ന സ്ഥലത്ത് ‘ജ്ഞാന ഗുരുകുലം’, ‘സർവ്വമത ധ്യാന മണ്ഡപം’ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിവരികയാണ്.

വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സുരേഷ് സിദ്ധാർത്ഥയെ ആർ. ശങ്കർ സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News