ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി; 26,000-ത്തിലധികം വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെയും പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലെയും വളർത്തുപക്ഷികളെ ഇന്ന് മുതൽ കൂട്ടത്തോടെ കൊന്നൊടുക്കും (കള്ളിംഗ്). മുൻകരുതൽ നടപടികളുടെ ഭാഗമായി ഇരുജില്ലകളിലുമായി 26,000-ത്തിലധികം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് താറാവ്, കോഴി കൃഷി ഇറക്കിയ കർഷകർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത് കനത്ത സാമ്പത്തിക തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിരീക്ഷണ മേഖലകളിൽ പക്ഷികളുടെയും മുട്ട, ഇറച്ചി എന്നിവയുടെയും വിപണനത്തിനും കടത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കർഷകരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ നിർബന്ധമായും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
