‘എന്റെ ഭാഗം കേൾക്കാതെ വീണ്ടും’; പ്രതികൾക്ക് ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ വൈകാരികമായി പ്രതികരിച്ച് ബിൽക്കിസ് ബാനു

 ‘എന്റെ ഭാഗം കേൾക്കാതെ വീണ്ടും’; പ്രതികൾക്ക് ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ വൈകാരികമായി പ്രതികരിച്ച് ബിൽക്കിസ് ബാനു

Bilkis Bano

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂന്ന് വയസ്സുള്ള മകൾ സ്വാലിഹ ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിൽ കടുത്ത വേദനയും ഭയവും രേഖപ്പെടുത്തി ബിൽക്കിസ് ബാനു. തന്നെ അറിയിക്കുകയോ തന്റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് പരമോന്നത കോടതി വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. സീനിയർ അഭിഭാഷക ശോഭ ഗുപ്ത മുഖേന പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ബിൽക്കിസ് ബാനുവിന്റെ വൈകാരിക പ്രതികരണം.

‘മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്, വീണ്ടും ഭയപ്പെടുന്നു’

“വേദനയുടെയും ഞെട്ടലിന്റെയും അവിശ്വാസത്തിന്റെയും പുതിയ കണ്ണീർത്തുള്ളികളിലൂടെയാണ് എന്റെ ഈ വാക്കുകൾ പുറത്തുവരുന്നത്. എന്നെ വിളിക്കുകയോ എന്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ സുപ്രീം കോടതി വീണ്ടും, ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ഉത്തരവ് പാസാക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മാധ്യമ വാർത്തകളിലൂടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ച വിവരം ഞാൻ അറിഞ്ഞത്,” ബിൽക്കിസ് ബാനു പ്രസ്താവനയിൽ പറഞ്ഞു.

പഴയ ഭയങ്ങൾ വീണ്ടും തലപൊക്കുകയാണെന്നും താനും മക്കളും വീണ്ടും ഭയത്തിന്റെ നിഴലിലാണെന്നും അവർ വ്യക്തമാക്കി. “ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് എന്നോട് ഇത് ചെയ്ത മനുഷ്യരുടെ ശിക്ഷ എങ്ങനെ വെറുതെ റദ്ദാക്കാൻ കഴിയും? അവർക്ക് എന്നെ ഒന്ന് അറിയിക്കാമായിരുന്നില്ലേ? ആ കോടതിമുറിയിൽ എന്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? ഞാൻ അത്രയേറെ കഷ്ടപ്പെട്ട് നേടിയെടുത്ത നീതി എനിക്ക് നഷ്ടപ്പെടുന്നതായി ഞാൻ കാണുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം എനിക്ക് വീണ്ടും നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു,” അവർ കൂട്ടിച്ചേർത്തു.

24 വർഷത്തെ പോരാട്ടം: ‘ഞാൻ ഇനിയും പോരാടും’

ക്രൂരത നടക്കുമ്പോൾ തനിക്ക് വെറും 19 വയസ്സായിരുന്നുവെന്നും കഴിഞ്ഞ 24 വർഷമായി ലക്ഷക്കണക്കിന് മനുഷ്യരുടെ പിന്തുണയോടെ നീതിക്കായി പോരാടുകയാണെന്നും ബിൽക്കിസ് ബാനു ഓർമ്മിപ്പിച്ചു. ആവർത്തിച്ചുള്ള കോടതി വിജയങ്ങൾക്ക് ശേഷം ജീവിതം പിച്ചവെച്ച് കെട്ടിപ്പടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ജാമ്യ ഉത്തരവിനെതിരെ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടാണ് ബിൽക്കിസ് ബാനു സ്വീകരിച്ചിരിക്കുന്നത്. “ഞാൻ ഈ ജാമ്യ ഉത്തരവിനെതിരെ പോരാടും. എനിക്ക് പോരാടിയേ തീരൂ. എന്റെ മക്കൾക്ക് വേണ്ടിയാണിത്, ബാക്കി ജീവിതകാലം മുഴുവൻ ഈ ഭയവും പേറി ജീവിക്കേണ്ടവരല്ല അവർ. ജീവിക്കാൻ അവകാശമുണ്ടായിരുന്ന എന്റെ മൂന്ന് വയസ്സുകാരി സ്വാലിഹയുടെ ഓർമയ്ക്ക് വേണ്ടിയാണിത്, അവളുടെ ഓർമകൾ നീതി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണിത്,” ബിൽക്കിസ് ബാനു വ്യക്തമാക്കി. ഒരു സ്ത്രീയും അതിജീവിതയും പൗരനും തന്റെ അസ്തിത്വത്തിനും സമത്വത്തിനും വേണ്ടി ജീവിതകാലം മുഴുവൻ ഇത്തരമൊരു പരീക്ഷണം സഹിക്കേണ്ടി വരരുതെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News