ഇ.എം.എസിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

 ഇ.എം.എസിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന അവർ സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പാർട്ടിയിലെ നേതൃപദവികളേക്കാൾ ഇ.എം.എസിന്റെ മകളായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്ന രാധ, സ്ത്രീകളുടെ അവകാശങ്ങൾ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, സ്ത്രീകൾ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ എന്നീ മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നു. ഇ.എം.എസ് എന്ന രാഷ്ട്രീയ നേതാവിനപ്പുറം ഒരു അച്ഛൻ, ഭർത്താവ്, സഹോദരൻ, സുഹൃത്ത് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം വരച്ചുകാട്ടുന്ന ‘ഇ.എം.എസ്: മകളുടെ ഓർമ്മകൾ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.

സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിലും ചിന്തയിലും പ്രവർത്തിച്ചു. സ്ത്രീകൾക്ക് സംവരണം ആവശ്യപ്പെടുന്നതോടൊപ്പം പാർട്ടിയുടെ ആഭ്യന്തര ഘടകങ്ങളിലും മതിയായ വനിതാ പ്രാതിനിധ്യം വേണമെന്ന് 2007-ൽ ദേശാഭിമാനി ലോക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അവർ നടത്തിയ വിമർശനം വലിയ വാർത്തയായിരുന്നു.

അടുത്തിടെ രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പാർട്ടി അവഗണിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആരോപണങ്ങൾ ഭർത്താവ് സി.കെ. ഗുപ്തൻ നിഷേധിച്ചിരുന്നു. ചികിത്സാച്ചെലവുകൾ സി.പി.എം വഹിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News