ആശാ കിഷോറിന് ടാലന്റ് ലോക റെക്കോർഡ്; ‘ഹൃദയമിഴിവേരുകൾ’ കവിതാ സമാഹാരവും പ്രകാശനം ചെയ്തു
തിരുവനന്തപുരം:
കലാരംഗത്ത് വേറിട്ട പ്രതിഭ തെളിയിച്ച കവിയും ഗായികയും നർത്തകിയും അഭിനേത്രിയുമായ ആശാ കിഷോറിന് അന്താരാഷ്ട്ര അംഗീകാരം. മുത്തുകൾ കോർത്ത് അവർ തയ്യാറാക്കിയ മഹാകവി കുമാരനാശാന്റെ ചിത്രത്തിനാണ് പ്രശസ്തമായ ടാലന്റ് ലോക റെക്കോർഡ് (Talent World Record) ലഭിച്ചത്.
2026 ജൂൺ 23-ന് തിരുവനന്തപുരം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള സാംസ്കാരിക വകുപ്പ് മന്ത്രി ബഹു. പി.സി. വിഷ്ണുനാഥ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആശാ കിഷോറിന് സമർപ്പിച്ചു.
ചടങ്ങിൽ ബഹുമാനപ്പെട്ട എം.ആർ. ബൈജു എം.എൽ.എ, പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, അനിൽ ചേർത്തല, ഗിന്നസ് സത്താർ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. ഉദയകല, സുദർശനൻ കാർത്തികപ്പറമ്പിൽ, കെ. സുദർശനൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, കല്ലൂർ ഈശ്വരൻ പോറ്റി, ജയൻ പോത്തൻകോട്, മനോഹരൻ വേളാവൂർ, എം.കെ. ഹരികുമാർ, ബിജു പുലിപ്പാറ, സിന്ധു ബിജു എന്നിവരുൾപ്പെടെയുള്ള പ്രമുഖരും വൻ ജനസദസ്സും പങ്കെടുത്തു.

കവിതാ സമാഹാര പ്രകാശനം
റെക്കോർഡ് സമർപ്പണത്തോടൊപ്പം ആശാ കിഷോർ രചിച്ച “ഹൃദയമിഴിവേരുകൾ” എന്ന പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. ഉദയകലയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
നൂറിലധികം കവിതകളുമായി കവിസമ്മേളനം
സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി വിപുലമായ കവിസമ്മേളനം സംഘടിപ്പിച്ചിരുന്നു. ശ്രീ. എൻ.ആർ.സി നായർ ഉദ്ഘാടനം ചെയ്ത കവിസമ്മേളനത്തിൽ ശ്രീ. വിനോദ് വെള്ളായണി അധ്യക്ഷത വഹിച്ചു. ശ്രീ. പകൽക്കുറി വിശ്വൻ ഉൾപ്പെടെയുള്ള പ്രമുഖ കവികൾ പങ്കെടുത്ത യോഗത്തിൽ നൂറിലധികം കവിതകളാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ. ബിനു കൽപ്പകശ്ശേരി, ശ്രീമതി പ്രസന്നാ ബാലചന്ദ്രൻ, ശ്രീമതി പുഷ്പം ചുള്ളിമാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉച്ചയ്ക്ക് 1:30-ന് ആരംഭിച്ച ഈ സാംസ്കാരിക സാഹിത്യോത്സവം, ടാലന്റ് ലോക റെക്കോർഡ് ജേതാവ് ശ്രീമതി ആശാ കിഷോറിന്റെ നന്ദിപ്രകാശനത്തോടെ വൈകുന്നേരം 7 മണിയോടെയാണ് സമാപിച്ചത്. ഹർഷാരവത്തോടെയാണ് സാംസ്കാരിക കേരളം ഈ നേട്ടത്തെയും പരിപാടിയെയും വരവേറ്റത്.
