ഖത്തർ പ്ലാന്റ് സ്ഫോടനം: മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കോഴിക്കോട്:
ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ പ്രകൃതിവാതക പ്ലാന്റ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും, രാവിലെ 6.30ഓടെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ പ്രമുഖ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൻ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആകെ 13 പേർ മരണപ്പെട്ടിരുന്നു. ഇതിൽ 12 പേരും ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഏക മലയാളിയാണ് അർജുൻ.
