മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചമ്പക്കുളം ജലോത്സവ സമിതി; മാപ്പ് പറയണമെന്ന് ആവശ്യം
ആലപ്പുഴ:
ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ വള്ളംകളി ജലോത്സവ സമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ നടപടി കുട്ടനാട്ടിലെ ജനങ്ങളെയും വള്ളംകളി പ്രേമികളെയും ആകെ അപമാനിക്കുന്നതാണെന്നും ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുൺ കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഇന്ന് വൈകുന്നേരം ചമ്പക്കുളത്ത് പ്രതിഷേധ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവധി അനുവദിക്കാതിരിക്കുന്നതിനേക്കാൾ, അത് നൽകില്ലെന്ന തരത്തിലുള്ള ധിക്കാരപരമായ സമീപനമാണ് തങ്ങളെ വേദനിപ്പിച്ചതെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയുടെ ആവശ്യത്തെ ഇത്തരത്തിൽ തള്ളിക്കളഞ്ഞത് പ്രാദേശിക എം.എൽ.എയെപ്പോലും അപമാനിക്കുന്നതിന് തുല്യമാണ്. മൂലം വള്ളംകളി എന്നത് വെറുമൊരു മത്സരമല്ലെന്നും അത് കുട്ടനാടിന്റെ സംസ്‌കാരവും ജനങ്ങളുടെ വികാരവുമാണെന്നും സമിതി ഓർമ്മിപ്പിച്ചു. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്ന് ജലോത്സവ സമിതി മുൻ സ്പോൺസർ കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ ജോസ് വിമർശിച്ചു. ജനങ്ങളുടെ ന്യായമായ ആവശ്യത്തെ പുച്ഛിച്ചുതള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
