ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ച് അധികൃതർ; പുത്തൻ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ വീണ്ടും രംഗത്ത്

 ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ച് അധികൃതർ; പുത്തൻ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ വീണ്ടും രംഗത്ത്

ന്യൂഡൽഹി:

സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യപ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ ‘@Cockroachisback’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായി സ്ഥാപകൻ അഭിജീത് ദിപ്കെ വീണ്ടും രംഗത്തെത്തി.

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന മുൻ അക്കൗണ്ട് ആരംഭിച്ച് നാല് ദിവസത്തിനുള്ളിലാണ് അധികൃതർ പൂട്ടിപ്പിച്ചത്. “ഞങ്ങളെ ഇല്ലാതാക്കാമെന്ന് നിങ്ങൾ കരുതിയോ?” എന്ന കുറിപ്പോടെയാണ് പുതിയ അക്കൗണ്ട് പ്രവർത്തനം ആരംഭിച്ചത്. പുതിയ അക്കൗണ്ട് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് ഇതിൽ ഫോളോവേഴ്സായി എത്തിയത്. അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ട് മേയ് 16-നാണ് ഈ ഡിജിറ്റൽ കൂട്ടായ്മ രൂപംകൊണ്ടത്. തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരാദങ്ങളോടും’ ഉപമിച്ചു എന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് ഇൻ്റർനെറ്റിൽ ഈ പ്രതിഷേധ മൂവ്മെൻ്റ് ആരംഭിച്ചത് (താൻ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദവുമായി രംഗത്തിറങ്ങുന്നവരെയാണ് ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയിരുന്നു). അഞ്ച് ആവശ്യങ്ങളുന്നയിച്ച് യുവാക്കളുടെ തൊഴിലില്ലായ്മയും നീറ്റ് പരീക്ഷാ വിവാദങ്ങളും ഉയർത്തിക്കാട്ടിയാണ് ഈ കൂട്ടായ്മ പ്രധാനമായും ക്യാമ്പയിൻ നടത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ 14.5 മില്യണിലധികം ഫോളോവേഴ്സുമായി കോക്രോച്ച് ജനതാ പാർട്ടി ഇതിനകം വലിയ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൻ്റെ ഫോളോവേഴ്സ് കൗണ്ടിനെപ്പോലും (8.8 മില്യൺ) വെറും ആറ് ദിവസം കൊണ്ട് ഈ അക്കൗണ്ട് മറികടന്നു. പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനും (13.2 മില്യൺ) മുകളിലാണ് നിലവിൽ ഈ ഇൻ്റർനെറ്റ് കൂട്ടായ്മയുടെ ജനപ്രീതി. തങ്ങളുടെ ജനപ്രീതി കണ്ട് ഭയന്നാണ് സർക്കാർ അക്കൗണ്ടുകൾ പൂട്ടിക്കാൻ ശ്രമിക്കുന്നതെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News