പൊള്ളുന്ന പൊന്ന്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 3,160 രൂപ വർധിച്ചു
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് വൻ വർധന. ഇന്നലെ രേഖപ്പെടുത്തിയ ഇടിവിന് പിന്നാലെ, ഇന്ന് പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,16,800 രൂപയായും ഗ്രാമിന് 14,600 രൂപയായും ഉയർന്നു.
18 കാരറ്റ് സ്വർണം ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയിലെത്തി (പവന് 95,960 രൂപ). 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ ഉയർന്ന് 9,340 രൂപയും ഒൻപത് കാരറ്റിന് ഗ്രാമിന് 165 രൂപ വർധിച്ച് 6,025 രൂപയുമായി. സ്വർണത്തിന് പുറമേ വെള്ളി നിരക്കിലും കുതിപ്പുണ്ടായിട്ടുണ്ട്; ഒരു ഗ്രാം വെള്ളിക്ക് 255 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
വിവാഹ സീസൺ ആരംഭിച്ച വേളയിൽ പണിക്കൂലി, 3% ജിഎസ്ടി, എച്ച് യു ഐ ഡി ഹാൾമാർക്കിങ് നിരക്കുകൾ എന്നിവ കൂടി ചേരുമ്പോൾ ഉയർന്ന വില സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഫെഡറൽ റിസർവ് നയങ്ങൾ, പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ, ഡോളർ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ എന്നിവയാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
