ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസത്തിന് തുടക്കം; സെപ്റ്റംബർ 2 മുതൽ വഴിപാട് കളികൾ പുനരാരംഭിക്കും
ഗുരുവായൂർ
∙ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടത്തിന്റെ ഈ വർഷത്തെ 41 ദിവസം നീളുന്ന കച്ചകെട്ട് അഭ്യാസത്തിന് ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അഭ്യാസ ചടങ്ങുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും പരിശീലനം. ജൂലൈ 16 വ്യാഴാഴ്ച മുതൽ പുലർച്ചെ 3 മണിക്ക് ആരംഭിച്ച് രാത്രി 8 മണി വരെ നീളുന്ന പൂർണ്ണതോതിലുള്ള കഠിന സാധകങ്ങളിലേക്ക് കളിയോഗം കടക്കും.
കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചിൽ, വായ്ത്താരി ചൊല്ലിയുള്ള അഭ്യാസം, ചൊല്ലിയാട്ടം എന്നിവ ജൂലൈ 16 മുതൽ നടക്കും. കൂടാതെ കണ്ണ് സാധകം, കാൽസാധകം, തീവട്ടം കുടയൽ, ചില്വാനം കാൽസാധകം, പതിഞ്ഞ ഇരട്ടിവട്ടം എന്നിവയിൽ കലാകാരന്മാർക്ക് പ്രത്യേക പരിശീലനം നൽകും. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം എന്നീ നാല് കഥകളുടെ പൂർണ്ണ ചൊല്ലിയാട്ടവും മറ്റ് കഥകളിലെ തിരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും ഈ അഭ്യാസകാലത്തുണ്ടാകും.
പുലർച്ചെ മുതൽ രാത്രി വരെ നീളുന്ന കഠിന സാധകം
ഒരു കൃഷ്ണനാട്ടം കലാകാരനെ വാർത്തെടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ 41 ദിവസത്തെ കച്ചകെട്ട് അഭ്യാസകാലം. വിവിധ വിഭാഗങ്ങളിലായി വിപുലമായ പരിശീലന ക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്.
- വേഷം വിഭാഗം: വൈകിട്ട് ആറുമണി മുതൽ എട്ട് മണി വരെ നാമം ചൊല്ലൽ, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, മുഖാഭിനയം എന്നിവയും ചെറിയ കുട്ടികൾക്ക് താളം പിടിക്കലും പരിശീലിപ്പിക്കും.
- മേളം വിഭാഗം: ശുദ്ധമദ്ദളം, തൊപ്പിമദ്ദളം കലാകാരന്മാർക്ക് പുലർച്ചെ പാഠക്കൈകൾ സാധകവും, രാവിലെയും ഉച്ചയ്ക്കും അഭ്യാസത്തിനും ചൊല്ലിയാട്ടത്തിനുമായി പ്രത്യേക പരിശീലനവും നൽകും.
- പാട്ട് വിഭാഗം: പുലർച്ചെ കർണ്ണാടക സംഗീത സാധകവും രാവിലെ കൃഷ്ണനാട്ട സംഗീത സാഹിത്യ പഠനവും ചൊല്ലിയാട്ടത്തിന് ചേർന്നുള്ള പഠനവും നടക്കും.
- അണിയറ (ചുട്ടി) വിഭാഗം: രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ചുട്ടി വിഭാഗത്തിന് പ്രത്യേക പരിശീലനവും കോപ്പു പണികളും നടക്കും.

കളിയോഗം ഭാരവാഹികളായ കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ട് ആശാന്മാരായ എം.കെ. ദിൽകുഷ് നെടുങ്ങാടി, സി.പി. സത്യനാരായണൻ എളയത്, ശുദ്ധമദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി.ആർ. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.
സെപ്റ്റംബർ 2 മുതൽ വഴിപാട് കളികൾ
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തീവ്രമായ കച്ചകെട്ട് അഭ്യാസകാലം പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളികൾ പുനരാരംഭിക്കും. സെപ്റ്റംബർ രണ്ടിന് ഭക്തരുടെ ഏറെ പ്രിയപ്പെട്ട ‘അവതാരം’ കഥയോടെയാണ് ഈ വർഷത്തെ വഴിപാട് കളികൾക്ക് തുടക്കമാകുക.
