ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കല്യാണ റെക്കോർഡ്
BY: PRANOB GURUVAYUR
തൃശൂർ:
ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി ഒറ്റദിവസം 437 വിവാഹങ്ങൾ നടന്ന് പുതിയ റെക്കോർഡ് കുറിച്ചു. ഓഗസ്റ്റ് 23-ന് ആറ് മണ്ഡപങ്ങളിലായി നടന്ന ചടങ്ങുകൾക്ക് പുലർച്ചെ 4 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് തുടക്കമായത്. ആദ്യ ചടങ്ങിൽ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ, പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലി ചാർത്തി. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 137 വിവാഹങ്ങൾ പൂർത്തിയായി.
ചിങ്ങമാസത്തിലെ ശുഭമുഹൂർത്തത്തിൽ എത്തിയ ഭക്തജനങ്ങളുടെയും വധൂവരന്മാരുടെയും വൻ തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡും പോലീസും വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്. നൂറിലധികം പോലീസുകാരെയും മഫ്ടി പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രധാന ക്രമീകരണങ്ങൾ:
- ടോക്കൺ സംവിധാനം: കിഴക്കേ നട വഴിയും തെക്കേ നടയിലെ ദേവസ്വം ഗേറ്റ് വഴിയും എത്തുന്ന വിവാഹസംഘങ്ങൾ മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപത്തെ പന്തലിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷമാണ് മണ്ഡപങ്ങളിലേക്ക് പ്രവേശിക്കുന്നത്.
- ദർശന ക്രമം: കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ ദർശനം നടത്തിയ ശേഷം തെക്കേ നട വഴി പുറത്തേക്ക് പോകാൻ പ്രത്യേക വഴിയൊരുക്കി.
- വാഹന പാർക്കിങ്: ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണമായി നിരോധിച്ചു. ദേവസ്വം മൾട്ടി ലെവൽ പാർക്കിങ്, ശ്രീകൃഷ്ണ സ്കൂൾ മൈതാനം, ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭ പാർക്കിങ് സമുച്ചയം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്.
ദേവസ്വം ഭരണസമിതിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ സമഗ്രമായ ആസൂത്രണം കാരണം പരാതികൾക്കിടയില്ലാതെ ചടങ്ങുകൾ വിജയകരമായി പുരോഗമിക്കുന്നതായി ദേവസ്വം ചെയർമാൻ അറിയിച്ചു.
