സംസ്ഥാനത്ത് സ്വർണവില താഴേക്ക്; രണ്ടുദിവസത്തിനിടെ പവന് 2,320 രൂപ കുറഞ്ഞു
എറണാകുളം:
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. പവന് 1,17,200 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും താഴുകയായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവുണ്ടായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയിലും, വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയിലുമെത്തി. 2026 ജനുവരി 29-ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് എക്കാലത്തെയും ഉയർന്ന നിരക്ക്.
റെക്കോഡ് വിലയിലെത്തിയതിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. ആഗോള വിപണിയിലെ സമ്മർദവും അമേരിക്കൻ പണപ്പെരുപ്പവും പലിശനിരക്കിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ഡോളറിന് കരുത്തേകിയതും ഇതിന് കാരണമായി. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,590 ഡോളറിന് താഴെയാണ് വ്യാപാരം നടത്തുന്നത്.
ഇപ്പോഴത്തെ വിലയിടിവ് താത്കാലികമാണെന്നും ദീർഘകാല കുതിപ്പിനെ ബാധിക്കില്ലെന്നും അബ്ദുൽ നാസർ വിലയിരുത്തി. വരുന്ന ഉത്സവ സീസൺ മുന്നിൽ കണ്ട് സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
