നേപ്പാളിൽ പ്രളയഭീതി ശക്തമാകുന്നു: ടിബറ്റിൽ അണക്കെട്ട് തകർന്നു, ത്രിശൂലിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
ത്രിശൂലി (നേപ്പാൾ):
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ നേപ്പാളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടിബറ്റിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ത്രിശൂലി മേഖലയിൽ നിന്നും ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അതേസമയം, നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ലോങ്ചാങ് നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചൈന എർത്ത്‌ക്വേക് നെറ്റ്‌വർക്ക് സെൻ്ററിനെ ഉദ്ധരിച്ച് സിജിടിഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ടിബറ്റ് ഭാഗത്തുള്ള അണക്കെട്ട് തകർന്നതായി നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകിയത്. നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനാൽ ത്രിശൂലി മേഖലയിലുള്ളവർ ഉടൻ മാറിത്താമസിക്കണമെന്ന് പൊലീസ് നിർദേശിച്ചു. രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയിലും നേപ്പാൾ സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി മുന്നേറുന്നതായി ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവ് ഭീഷ്മ രാജ് ആങ്ഡെംബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫെഡറൽ, പ്രവിശ്യാ, പ്രാദേശിക സർക്കാരുകൾ ഏകോപിപ്പിച്ചാണ് ദൗത്യം നിർവഹിക്കുന്നത്. സൈന്യത്തിൻ്റെയും സ്വകാര്യ മേഖലയുടെയും ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ത്രിശൂലിയിൽ നിന്ന് രസുവയിലേക്കുള്ള റോഡ് നിർമാണം താത്കാലികമായി നിർത്തിവെച്ചു. പ്രദേശത്തുണ്ടായിരുന്ന നിർമാണ സാമഗ്രികളും ജെസിബികളും തിരികെ വിളിച്ചു. രസുവയിലേക്കുള്ള പാത പൂർണമായും തകർന്ന നിലയിലാണ്. കാഠ്മണ്ഡുവിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.
