മിനികൂപ്പർ അപകടക്കേസ്: പ്രതി സുഹൈൽ സജീവിന് ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മർദ്ദനം; പോലീസ് കസ്റ്റഡിയിലെടുത്തു
ആലുവ: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നാട്ടുകാരുടെ മർദ്ദനം. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് തിരികെ കൊണ്ടുപോകുന്നതിനിടെ ആലുവ ജില്ലാ ആശുപത്രി വളപ്പിൽ വെച്ചാണ് സംഭവം. പെട്ടെന്ന് തടിച്ചുകൂടിയ നാട്ടുകാർ പ്രകോപിതരാവുകയും സുഹൈലിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണത്തിൽ സുഹൈലിന്റെ മുഖത്താണ് അടിയേറ്റത്. ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. സുഹൈലിനെ മർദ്ദിച്ച യുവാവിനെ പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതി സഞ്ചരിച്ചിരുന്ന മിനികൂപ്പർ കാർ അതിവേഗതയിലെത്തി മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു. അപകടസമയത്ത് സുഹൈൽ കടുത്ത മദ്യപാനത്തിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്ക് സുഹൃത്തുക്കളെ കൂട്ടാൻ പോകും വഴി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹാ ഡിസൈൻസിന്റെ ഉടമകളായ സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ സജീവ്. പ്രതിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം മരിച്ച ഗോപികയുടെ മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രിയിലും, ഇയാസ്, ദേവിക എന്നിവരുടെ മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാണ്.
