നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്രവും സിജെപിയും തമ്മിലുള്ള നിർണായക ചർച്ചകൾ അവസാനിച്ചു
ന്യൂഡൽഹി:
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളും തമ്മിൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് നടത്തിയ നിർണായക ചർച്ചകൾ അവസാനിച്ചു. ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്.
പ്രക്ഷോഭകർ മുന്നോട്ട് വെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണം തത്വത്തിൽ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതായി സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക മാധ്യമങ്ങളോട് പറഞ്ഞു.
അംഗീകരിക്കപ്പെട്ട പ്രധാന ആവശ്യങ്ങൾ
- സാമ്പത്തിക നഷ്ടപരിഹാരം: പരീക്ഷാ തട്ടിപ്പുകളെ തുടർന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകും.
- കേസുകൾ പിൻവലിക്കും: പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ പൊലീസും ഭരണകൂടവും ചുമത്തിയ എഫ്.ഐ.ആറുകളും നിയമനടപടികളും പൂർണ്ണമായി പിൻവലിക്കും.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ തീരുമാനം നാളെ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന പ്രധാന ആവശ്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ നാളെ ഉച്ചവരെ സമയം ചോദിച്ചിട്ടുണ്ടെന്ന് അശുതോഷ് റാങ്ക അറിയിച്ചു. മന്ത്രിക്കെതിരെ അനുകൂല നടപടിയുണ്ടാകുമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാർട്ടി വ്യക്തമാക്കി. വിഷയം സംബന്ധിച്ച് നാളെ വീണ്ടും ചർച്ച നടക്കും.
സോനം വാങ്ചുക്കിന്റെ 20 ദിവസത്തെ നിരാഹാര സമരം കേന്ദ്ര ഉറപ്പിന്മേൽ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചർച്ച നിഷ്പക്ഷ വേദിയിലായിരിക്കണം എന്ന സിജെപിയുടെ ആവശ്യം പരിഗണിച്ചാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് തെരഞ്ഞെടുത്തത്. നേരത്തെ മന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചയിൽ തങ്ങളെ കരുതൽ തടങ്കലിലാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സിജെപി നേതാക്കാളായ സൗരവ് ദാസും അശുതോഷ് റാങ്കയും നിഷ്പക്ഷ വേദി വേണമെന്ന് ഉറപ്പിച്ചു പറഞ്ഞത്.
വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം ശക്തമായി തുടരുമെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി.
