നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം
ന്യൂഡൽഹി:
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം തെരുവിലിറങ്ങി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിന് മുന്നിൽ ശക്തമായ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
നീറ്റ് ക്രമക്കേടിന് ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ അടിയന്തരമായി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ദേശീയ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പി ഡീൻ കുര്യാക്കോസ്, പി.സി. വിഷ്‌ണുനാഥ് തുടങ്ങിയ മുതിർന്ന നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. റോഡിലൂടെ വലിച്ചിഴച്ചതിന് പിന്നാലെ ഡീൻ കുര്യാക്കോസ് എം.പിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പി.സി. വിഷ്‌ണുനാഥിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
