പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസായി: കോൺഗ്രസ് വിപ്പ് ലംഘിച്ച് 4 കൗൺസിലർമാർ വോട്ട് ചെയ്തു
BY: JIJO PALA
പാലാ: കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെയും വിപ്പിനെയും കാറ്റിൽപ്പറത്തി പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസിലെ നാല് കൗൺസിലർമാരും ഒരു കോൺഗ്രസ് വിമതയും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് നഗരസഭാ ഭരണസമിതി പുറത്തായത്.
കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതുകൂടാതെ കോൺഗ്രസ് വിമത കൗൺസിലർ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. വിപ്പ് സ്വീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ഇവർ ഉൾപ്പെടെയുള്ളവരുടെ ഭവനങ്ങളിൽ പാർട്ടി വിപ്പ് പതിപ്പിക്കുകയായിരുന്നു. അതേസമയം, റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നീ രണ്ട് കോൺഗ്രസ് കൗൺസിലർമാർ മാത്രമാണ് വിപ്പ് കൈപ്പറ്റിയത്. കേരള കോൺഗ്രസ് (എം) അംഗങ്ങളും മാണി സി. കാപ്പന്റെ കെ.ഡി.പി അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിനാണ് മുൻഗണന നൽകിയതെന്നും വിപ്പിനല്ല എന്നും വോട്ട് ചെയ്ത കൗൺസിലർമാർ പ്രതികരിച്ചപ്പോൾ, വിപ്പ് ലംഘിച്ചവരുടെ നടപടി പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിച്ചു. ഈ രാഷ്ട്രീയ നീക്കത്തോടെ പാലാ നഗരസഭയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.
“അഴിമതി ആരോപിച്ചിട്ടില്ല; ജനാധിപത്യ വിധിയെ മാനിക്കുന്നു”: ദിയ ബിനു
അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായ ദിയ ബിനു ജനാധിപത്യവിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് പ്രതികരിച്ചു. തനിക്കെതിരെ അഴിമതിയോ, പൊതുപണം ദുരുപയോഗം ചെയ്തതായോ, സ്വജനപക്ഷപാതമോ ഉള്ള ഒരു ആരോപണവും ഉന്നയിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
“പൊതുപദവി ഒരു അധികാരമല്ല, ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്. ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല, നിയമം ലംഘിച്ചിട്ടില്ല. പദവികൾ താൽക്കാലികവും മൂല്യങ്ങൾ ശാശ്വതവുമാണ്. സത്യസന്ധതയോടെയും സുതാര്യതയോടെയും ജനങ്ങൾക്കായി പൊതുപ്രവർത്തനം തുടരും.” – ദിയ ബിനു
നഗരസഭയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ജനങ്ങൾക്കും ദിയ ബിനു നന്ദി അറിയിച്ചു.
