കൊച്ചിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ MDMA വേട്ട: 1.994 കിലോഗ്രാം ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

 കൊച്ചിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ MDMA വേട്ട: 1.994 കിലോഗ്രാം ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

BY : HABEEB PALARIVATTAM

കൊച്ചി:

സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയിൽ കൊച്ചി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ MDMA ശേഖരം പിടികൂടി. മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ അതിർത്തികളിൽ നിന്നായി 1.994 കിലോഗ്രാം വിപണി മൂല്യമുള്ള MDMA ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മട്ടാഞ്ചേരി ചെന്നാലിപ്പറമ്പ് താഴകത്ത് വീട്ടിൽ സഫീർ (33), മട്ടാഞ്ചേരി പുതിയ റോഡിൽ എച്ച്.നമ്പർ 5/333-ൽ നൗഫൽ (32) എന്നിവരെ ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം 0.01 ഗ്രാം MDMA-യുമായി സഫീറിനെ പാലാരിവട്ടം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് DANSAF നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കൊച്ചിയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലേക്ക് വഴിതുറന്നത്. സഫീറിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഫലിന്റെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നടത്തിയ തിരച്ചിലിൽ 14 ഗ്രാം MDMA പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച കാർ പരിശോധിച്ചപ്പോഴാണ് കൂളറിലും ടവർ ഫാനിനുള്ളിലുമായി വിദഗ്ദ്ധമായി പാക്ക് ചെയ്ത നിലയിൽ 1.980 കിലോഗ്രാം ലഹരിമരുന്ന് പോലീസ് കണ്ടെത്തിയത്.

ഇത്രയും വൻതോതിൽ ലഹരിമരുന്ന് എത്തിച്ചതിന് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളും മറ്റ് കണ്ണികളെയും കുറിച്ച് കൊച്ചി സിറ്റി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം, DCP-മാരായ മോഹിത് റാവത്ത് IPS, അരുൺ K. പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T.D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് ഈ നിർണ്ണായക പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News