ഇന്ത്യൻ സൈന്യത്തിൽ അഗ്നിപഥ് വഴി ഗൂർഖാ റിക്രൂട്ട്മെന്റ് പുനരാരംഭിക്കണം: നേപ്പാളിൽ മുൻ സൈനികരുടെ പ്രതിഷേധ പ്രകടനം
കാഠ്മണ്ഡു:
ഇന്ത്യൻ സൈന്യത്തിലേക്ക് അഗ്നിപഥ് പദ്ധതി വഴി നേപ്പാളിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ വൻ പ്രതിഷേധം. മുൻ ഗൂർഖാ സൈനികരുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് നേപ്പാളിലെ പൊഖാറ തെരുവിൽ പ്രതിഷേധ പ്രകടനവും റാലിയും സംഘടിപ്പിച്ചത്. ഇന്ത്യൻ എക്സ്-സർവീസ് മെൻ ഗൂർഖാ ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ ജില്ലാ ഭരണകൂടം വഴി നേപ്പാൾ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചു.
സ്വാതന്ത്ര്യാനന്തരം തുടർന്നുവന്നിരുന്ന ഗൂർഖാ റിക്രൂട്ട്മെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് 2019-ലാണ് താത്ക്കാലികമായി നിർത്തിവച്ചത്. തുടർന്ന് 2022-ൽ ഇന്ത്യ അഗ്നിപഥ് പദ്ധതി ആരംഭിച്ചതോടെ, 1947-ലെ ത്രികക്ഷി കരാറിന് വിരുദ്ധമാണെന്ന വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേപ്പാൾ സർക്കാർ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ശക്തമായ നയതന്ത്ര-സഹകരണ ബന്ധങ്ങളിലൊന്നാണ് ഗൂർഖാ സൈനികരുടെ റിക്രൂട്ട്മെന്റ്. നേപ്പാളിൽ തൊഴിലവസരങ്ങൾ കുറവായതിനാൽ ഗൾഫ് രാജ്യങ്ങളിലെ കഠിനമായ ചൂടിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നതിനേക്കാൾ എത്രയോ മികച്ച അവസരമാണ് അഗ്നിപഥ് വഴി ഇന്ത്യൻ സൈന്യത്തിൽ ലഭിക്കുന്നതെന്ന് മുൻ സൈനിക സംഘടനകൾ വ്യക്തമാക്കുന്നു. റാലിയിൽ പങ്കെടുത്ത നൂറുകണക്കിന് യുവാക്കളും വിമുക്ത ഭടന്മാരും അഗ്നിവീർ റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കാൻ കാഠ്മണ്ഡുവിലെ സർക്കാരിനോട് അഭ്യർത്ഥിച്ചു.
