1947-ൽ നരേന്ദ്ര മോദിയോ പട്ടേലോ ഭരിച്ചിരുന്നെങ്കിൽ വിഭജനം നടക്കില്ലായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
ലഖ്നൗ / സിദ്ധാർത്ഥ് നഗർ:
1947-ലെ ഇന്ത്യ-പാക് വിഭജനത്തിനും അതിനെത്തുടർന്നുണ്ടായ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും യഥാർത്ഥ ഉത്തരവാദി കോൺഗ്രസ് പാർട്ടിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ‘വിഭജന ഭീകരത സ്മരണ ദിന’ത്തോട് അനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നരേന്ദ്ര മോദിയെപ്പോലെ ദൃഢനിശ്ചയമുള്ള ഒരു നേതൃത്വമായിരുന്നു രാജ്യത്തെ നയിച്ചിരുന്നതെങ്കിൽ ഇന്ത്യയ്ക്ക് ഒരു തരത്തിലുമുള്ള നാശനഷ്ടങ്ങളോ വിഭജനമോ നേരിടേണ്ടി വരുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേൽ അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ ശിഥിലമാക്കാൻ ആർക്കും സാധിക്കുമായിരുന്നില്ലെന്ന് യോഗി അഭിപ്രായപ്പെട്ടു.
അധികാരത്തോടുള്ള പ്രേമം നിമിത്തം കോൺഗ്രസ് നേതൃത്വം കാണിച്ച ഭീരുത്വത്തിന് രാജ്യം വലിയ വിലയാണ് നൽകേണ്ടി വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാൻ ആവശ്യപ്പെടാതിരുന്ന പ്ര പ്രദേശങ്ങൾ പോലും അന്ന് വിട്ടുകൊടുത്തു. സിന്ധ്, പഞ്ചാബ് തുടങ്ങിയ ഹിന്ദു ആധിപത്യമുള്ള മേഖലകൾ പാകിസ്ഥാന് കൈമാറിയത് കോൺഗ്രസിന്റെ ഇത്തരം നിലപാടുകൾ മൂലമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യ താല്പര്യത്തേക്കാൾ കുടുംബ പാരമ്പര്യത്തിനും സ്വന്തം അധികാരത്തിനും കോൺഗ്രസ് മുൻഗണന നൽകിയെന്നും ആരോപിച്ചു.
