ഒടിടി റിലീസിനൊരുങ്ങി സാമൂഹിക പ്രസക്തിയുള്ള ചിത്രം ‘സൂപ്പർ ജിമ്‌നി’

 ഒടിടി റിലീസിനൊരുങ്ങി സാമൂഹിക പ്രസക്തിയുള്ള ചിത്രം ‘സൂപ്പർ ജിമ്‌നി’

BY:TNN ENTERTAINMENT DESK

തിരുവനന്തപുരം:

അനു പുരുഷോത് രചനയും സംവിധാനവും നിർവ്വഹിച്ച ‘സൂപ്പർ ജിമ്‌നി’ എന്ന ചലച്ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ഒരു ഗ്രാമത്തിലെ ‘തോന്ന്യാമല’ എന്ന കുന്നിൻ പ്രദേശത്തെയും അവിടെയുള്ള നിവാസികളുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. സമകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ പുതിയൊരു ചർച്ചയ്ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലഹരിമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബബന്ധങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിനാശകരമായ ആഘാതങ്ങളെ ചിത്രം പച്ചയായി ആവിഷ്കരിക്കുന്നു. മയക്കുമരുന്ന് ഒരു സമൂഹത്തെ എപ്രകാരം കാർന്നുതിന്നുന്നു എന്നതിന്റെ നേർച്ചിത്രമാണ് സംവിധായകൻ ഇതിലൂടെ കാട്ടിത്തരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സിനിമ അടിവരയിടുന്നുണ്ട്.

സ്കൂൾ കുട്ടികളുടെ ജീവിതവും മാരത്തോൺ മത്സരവും കഥയിൽ പ്രധാന പങ്കുവഹിക്കുന്നതിനാൽ ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിലും ഈ ചിത്രത്തെ ഉൾപ്പെടുത്താം. രാജേഷ് മലയാലപ്പുഴ നിർമ്മിക്കുന്ന ചിത്രത്തിന് ജി.കെ. നന്ദകുമാർ ഛായാഗ്രഹണവും ജിതിൻ കുമ്പക്കാട്ട് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

മീനാക്ഷി, സീമ ജി. നായർ, കുടശ്ശനാട് കനകം, ദേവനന്ദ, രജിത് കുമാർ, കലാഭവൻ റഹ്മാൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗൗരവമേറിയ വിഷയങ്ങൾ സ്പോർട്സിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ‘സൂപ്പർ ജിമ്‌നി’യുടെ പ്രധാന സവിശേഷത.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News