വാഗമണ്ണിലെ തോട്ടഭൂമി കൈയേറ്റവും ഖനനവും തടയണം: ശക്തമായ നടപടിയാവശ്യപ്പെട്ട് പ്ലാന്റേഷൻ വെൽഫെയർ മിഷൻ
ഷിബു കെ. തമ്പി
BY: SHIBU THAMPI IDUKKI
തൊടുപുഴ: വാഗമണ്ണിൽ ഭൂപരിഷ്കരണ നിയമങ്ങൾ ലംഘിച്ച് തോട്ടഭൂമി മുറിച്ചുവിൽക്കുന്നതും അനധികൃത നിർമാണപ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വെൽഫെയർ മിഷൻ ആവശ്യപ്പെട്ടു. പീരുമേട് താലൂക്കിന്റെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി ഇത്തരത്തിൽ നിയമവിരുദ്ധമായി വിറ്റഴിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ ആരോപണം.
തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തീർപ്പാക്കാനെന്ന പേരിലാണ് ഭൂമി മുറിച്ചുവിൽക്കുന്നതിലൂടെ ഉടമകൾ നിയമലംഘനം നടത്തുന്നതെന്ന് മിഷൻ ചൂണ്ടിക്കാട്ടി. സർവേ നമ്പർ 734-ൽ ഉൾപ്പെടുന്ന ഏകദേശം 250 ഏക്കർ തോട്ടത്തിൽ തേയിലച്ചെടികൾ പിഴുതുമാറ്റിയും മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തിയും വ്യാപകമായ പാറഖനനം നടത്തുന്നതായും സംഘടന ആരോപിച്ചു.
പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുകയും നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണം. തോട്ടം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള നിയമാനുസൃതമായ മുഴുവൻ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും മിഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രി, തൊഴിൽ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയതായി പ്ലാന്റേഷൻ വെൽഫെയർ മിഷൻ ചെയർമാൻ ഷിബു കെ. തമ്പി അറിയിച്ചു.
