രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേരളത്തിൽ ഉജ്വല വരവേൽപ്പ്; വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ ജൂബിലി സമാപനത്തിൽ പങ്കെടുത്തു

 രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേരളത്തിൽ ഉജ്വല വരവേൽപ്പ്; വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ ജൂബിലി സമാപനത്തിൽ പങ്കെടുത്തു

തൃശൂർ/എറണാകുളം: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഊഷ്മള സ്വീകരണം. രാവിലെ 10.41-ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ഓംപ്രകാശ് മാഥൂറും മുഖ്യമന്ത്രി വി.ഡി. സതീശനും ചേർന്ന് സ്വീകരിച്ചു.

സംസ്ഥാന സർക്കാരിൻ്റെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ വിപുലമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എംപിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക, റൂറൽ പൊലീസ് മേധാവി കെ.എസ്. സുദർശൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

കാലടിയിൽ ക്ഷേത്രദർശനം

വിമാനത്താവളത്തിൽനിന്ന് രാവിലെ 10.45-ന് റോഡ് മാർഗം പുറപ്പെട്ട രാഷ്ട്രപതി 11.04-ഓടെ കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്രകവാടത്തിൽ ഗവർണർ ഓംപ്രകാശ് മാഥൂർ, ശൃംഗേരി മഠം സിഇഒയും അഡ്മിനിസ്ട്രേറ്ററുമായ പി.എ. മുരളി, മന്ത്രി റോജി എം. ജോൺ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ക്ഷേത്രാചാരപ്രകാരം പൂർണകുംഭം നൽകിയാണ് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ക്ഷേത്രദർശനവും പ്രത്യേക പ്രാർഥനകളും പൂർത്തിയാക്കി ഒൻപത് മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷം 11.13-ന് അവർ കാലടിയിൽനിന്ന് മടങ്ങി.

തൃശൂരിലെ പരിപാടികൾ

ദർശനത്തിന് ശേഷം 11.30-ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രാഷ്ട്രപതി 11.40-ന് തുടർപരിപാടികളിൽ പങ്കെടുക്കുന്നതിനായി തൃശൂരിലേക്ക് യാത്ര തിരിച്ചു. മന്ത്രി റോജി എം. ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കലക്ടർ ജി. പ്രിയങ്ക, റൂറൽ പൊലീസ് മേധാവി കെ.എസ്. സുദർശൻ എന്നിവർ വിമാനത്താവളത്തിലെത്തി യാത്രയയപ്പ് നൽകി.

കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിലെ ഹെലിപ്പാടിൽ വന്നിറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ഓംപ്രകാശ് മാഥൂർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം. ജോൺ, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുത്തു. ആയുർവേദ മേഖലയിലെ മികച്ച സംഭാവനകളെ അവർ ചടങ്ങിൽ പ്രശംസിച്ചു.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഗുരുവായൂർ ക്ഷേത്രദർശനത്തിനായി രാഷ്ട്രപതി ഗുരുവായൂരിലെത്തും. 3.50-നാണ് ക്ഷേത്രദർശനം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തിലും കാലടിയിലും തൃശൂരിലെ പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News