വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവെപ്പ്: പ്രതി പിടിയിൽ; ലക്ഷ്യമിട്ടത് ട്രംപ് ഭരണകൂടത്തെ
കോൾ തോമസ്
By : TNN Internationam Desk
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നർ നടന്ന ഹോട്ടലിനുള്ളിൽ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31 കാരനായ കോൾ തോമസ് അലൻ ആണ് പിടിയിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയ ഉടൻ തന്നെ, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ വെടിവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നതരെയാകാം ഇയാൾ ലക്ഷ്യം വെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം ആക്ടിംഗ് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി.
ലോസ് ഏഞ്ചൽസിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചിക്കാഗോ വഴിയാണ് പ്രതി വാഷിംഗ്ടണിൽ എത്തിയതെന്ന് കരുതപ്പെടുന്നു. തോക്ക് ഹോട്ടലിനുള്ളിൽ വെച്ച് തന്നെയാണ് ഇയാൾ കൂട്ടിയോജിപ്പിച്ചതെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഹോട്ടലിലെ സുരക്ഷാ വലയം ഭേദിച്ച് മുന്നേറാൻ ഇയാൾക്ക് സാധിച്ചില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
