മെയ് 18ന് പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കും; യുഡിഎഫിൽ ചർച്ചകൾ സജീവം

 മെയ് 18ന് പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കും; യുഡിഎഫിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം:

നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ കോൺഗ്രസിലും യുഡിഎഫ് മുന്നണിയിലും സജീവമായി. വരും ദിവസങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കി, തിങ്കളാഴ്ച (മെയ് 18) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ഒടുവിലത്തെ സൂചനകൾ. ആകെ 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമായിരിക്കും കോൺഗ്രസിന് ഉണ്ടാകുക.

മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് മുന്നണിയിലെയും പാർട്ടിയിലെയും മുതിർന്ന നേതാക്കളുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പൂണ്ടിരിക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് പുതിയ മന്ത്രിസഭയുടെ സുഗമമായ രൂപീകരണത്തിൽ നിർണായകമാകും. ചെന്നിത്തലയ്ക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡിന്റെയും മുന്നണി നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായി നടക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ കെസി വേണുഗോപാൽ പക്ഷത്തുനിന്നുള്ള കൂടുതൽ പേർക്ക് പ്രാതിനിധ്യം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പരിഗണനയിലുള്ള പ്രമുഖർ ഇവർ:

കോൺഗ്രസിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് സൂചനകൾ. ഇവരെക്കൂടാതെ എൻ. ശക്തൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ. ജയന്ത് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. ഇവരിൽ ഒരാളെ സ്പീക്കർ പദവിയിലേക്കും പരിഗണിച്ചേക്കും.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവിയുമാകും നൽകുക. ഇവിടെ മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവർക്കാണ് സാധ്യത.

മറ്റു ഘടകകക്ഷികളിൽ നിന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി അനൂപ് ജേക്കബ് എന്നിവർ പുതിയ മന്ത്രിസഭയിൽ അംഗങ്ങളാകും. കൂടാതെ സി.പി. ജോൺ (സിഎംപി), മാണി സി. കാപ്പൻ (എൻസികെ) എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക പട്ടിക പുറത്തുവിടും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News