പണം നൽകാത്തതിനെച്ചൊല്ലി യുവാവിന് മർദനം: രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം:
പണം നൽകാത്തതിലുള്ള വിരോധം മൂലം വെട്ടുകാട് സ്വദേശിയായ യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലൻ നഗർ പുതുവൽ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ആന്റണി (31), വെട്ടുകാട് പുതുവൽ പുത്തൻവീട്ടിൽ ഹുസൈന്റെ മകൻ നിയാസ് (33) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 26-ന് ബാലനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്. പ്രതികൾ യുവാവിനോട് പണം ആവശ്യപ്പെടുകയും, അത് നൽകാതിരുന്നതിനെത്തുടർന്ന് പ്രകോപിതരായി അസഭ്യം പറയുകയും കല്ലുകൊണ്ട് മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മുഖത്ത് പരിക്കേറ്റു.
പിടിയിലായ പ്രതികളിൽ ആന്റണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം സിറ്റിയിലെ വലിയതുറ, തിരുവല്ലം, പേട്ട സ്റ്റേഷനുകളിലും റൂറൽ ജില്ലയിലെ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം സ്റ്റേഷനുകളിലുമായി പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിയാസിനെതിരെ വലിയതുറ സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
