പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന-ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം പൂർത്തിയായി. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവുണ്ടായതായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതവും മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന്റെ നിലവിലെ ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ബാധ്യത ഇനിയും വർധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ:
- ഇന്ദിരാഗ്യാരണ്ടി: ഇതിന്റെ ഭാഗമായി ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ചു.
- മിഷൻ സമുദ്ര: കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തിൽ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതി.
- ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബായി വികസിപ്പിക്കും.
- കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം: സംസ്ഥാനമൊട്ടാകെ എംഎസ്എംഇ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകും.
കൂടാതെ വൺ കേരള കരുതൽ മിഷൻ, ഗ്ലോബൽ ജോബ് വാച്ച് ടവർ, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല എന്നിവയും ബജറ്റിലെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. പ്രതിസന്ധികൾക്കിടയിലും നാടിന്റെ ഭാവി മുൻനിർത്തിയുള്ള ബജറ്റാണ് ഇതെന്നാണ് വിലയിരുത്തൽ.
