കുവൈറ്റിൽ 3,800 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു; ‘കുവൈറ്റൈസേഷൻ’ പദ്ധതിക്ക് തുടക്കം
By;sumeshkrishnan
കുവൈറ്റ് സിറ്റി:
പ്രവാസി അധ്യാപകർക്ക് വൻ തിരിച്ചടിയായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 3,800 പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ മന്ത്രാലയം തീരുമാനിച്ചു. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സമഗ്രമായ ‘കുവൈറ്റൈസേഷൻ’ (Kuwaitization) പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ നടപടി.
വിദ്യാഭ്യാസ മേഖലയിലെ വിവിധ തസ്തികകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. പിരിച്ചുവിടൽ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ബന്ധപ്പെട്ടവർക്ക് നൽകിത്തുടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈറ്റിലെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ഇന്ത്യൻ അധ്യാപകരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
സ്വദേശി ഉദ്യോഗാർത്ഥികൾ ലഭ്യമായ വിഷയങ്ങളിൽ നിന്നായിരിക്കും ആദ്യഘട്ടത്തിൽ പ്രവാസികളെ ഒഴിവാക്കുക. വരും വർഷങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് കുവൈറ്റ് സർക്കാരിന്റെ നീക്കം.
