മേടം രണ്ട്: ഇത്തവണത്തെ വിഷു ആഘോഷം നാളെ
തിരുവനന്തപുരം:
സാധാരണയായി മേടം ഒന്നാം തീയതി വിഷു ആഘോഷിക്കാറുണ്ടെങ്കിലും, ഇത്തവണ കേരളത്തിൽ വിഷു ആഘോഷിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രിൽ 15). സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് വിഷു നിശ്ചയിക്കുന്നത്.
ജ്യോതിശാസ്ത്ര പ്രകാരം, സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന ‘വിഷു സംക്രമം’ ഇന്ന് (ഏപ്രിൽ 14) മേടം 1 ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിനു ശേഷമാണ് മേട രവി സംക്രമം സംഭവിക്കുന്നത്. സൂര്യോദയത്തിന് മുൻപ് സംക്രമം നടക്കുകയാണെങ്കിൽ മാത്രമേ ആ ദിവസം വിഷു ആയി കണക്കാക്കാറുള്ളൂ. ഇത്തവണ സൂര്യോദയത്തിന് ശേഷം സംക്രമം വരുന്നതിനാൽ, തൊട്ടടുത്ത ദിവസമായ മേടം രണ്ടിനാണ് വിഷുക്കണിയും ആഘോഷങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
രാവും പകലും തുല്യമായി വരുന്ന ദിനമെന്ന പ്രത്യേകതയോടെയാണ് വിഷു അറിയപ്പെടുന്നത്. കണിക്കൊന്നയും കണിവെള്ളരിയും ഒരുക്കി ഐശ്വര്യപൂർണ്ണമായ നാളെയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ഗണിതശാസ്ത്രപരമായ ഈ മാറ്റം മുൻനിർത്തിയാണ് ക്ഷേത്രങ്ങളിലും വീടുകളിലും നാളെ വിഷുക്കണി ദർശനം ക്രമീകരിച്ചിരിക്കുന്നത്.
