ലൈഫ് മിഷൻ തുക നൽകാൻ കൈക്കൂലി വാങ്ങിയ വി.ഇ.ഒ വിജിലൻസ് പിടിയിൽ; കാരോട് ഗ്രാമപഞ്ചായത്തിൽ സംഭവം
BY;TS TVM
തിരുവനന്തപുരം:
ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുകയുടെ ഗഡുക്കൾ മാറിനൽകുന്നതിന് ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ) വിജിലൻസിന്റെ വലയിലായി. കാരോട് ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒയും കൊല്ലം അയത്തിൽ സ്വദേശിയുമായ ടി.എസ്. സന്ദീപിനെയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര കാരോട് സ്വദേശിയായ പരാതിക്കാരൻ 2024-ലാണ് വീടിനായി അപേക്ഷ നൽകിയത്. തുടർന്ന് പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഓരോ ഗഡു തുക കൈമാറുമ്പോഴും സന്ദീപ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡുവായ 40,000 രൂപയ്ക്ക് 500 രൂപയും, രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപയ്ക്ക് 1,000 രൂപയും ഇയാൾ കൈപ്പറ്റി. മൂന്നാം ഗഡുവായ 2 ലക്ഷം രൂപ നൽകുന്നതിനായി 2,500 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെ കാരോട് വില്ലേജ് ഓഫിസ് പരിസരത്ത് വെച്ച് പരാതിക്കാരനിൽ നിന്ന് 2,500 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സംഘം സന്ദീപിനെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതിക്കെതിരെ കർശന നടപടികൾ തുടരുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
