തളിപ്പറമ്പിൽ കോൺഗ്രസ് വിമതനായി കൊയ്യം ജനാർദ്ദനൻ; വൈകാരിക പ്രതികരണവുമായി പ്രചാരണം തുടങ്ങി
കണ്ണൂർ:
തളിപ്പറമ്പ് മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങളെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുതിർന്ന നേതാവ് കൊയ്യം ജനാർദ്ദനൻ വൈകാരികമായ പ്രതികരണത്തോടെ പ്രചാരണം ആരംഭിച്ചു. 53 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും, മകൾ അയച്ചുതന്ന പണം കൊണ്ടാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 304 രൂപ മാത്രമാണുള്ളതെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
സിപിഐഎം വിട്ടുവന്ന ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കൊയ്യം ജനാർദ്ദനൻ മത്സരരംഗത്തിറങ്ങിയത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ നേതൃത്വം നൽകിയ വ്യക്തിയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, തന്റെ പോരാട്ടം പാർട്ടിയെ തകർക്കുന്ന നേതാക്കൾക്കെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പട്ടത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കമിട്ടത്. ‘ടെലിവിഷൻ’ ആണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കൊയ്യം ജനാർദ്ദനനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ച മണ്ഡലത്തിൽ, പ്രാദേശിക വികാരം കണക്കിലെടുക്കാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലുള്ള അമർഷം ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ശക്തമാണ്.
