കോഫി കുടിക്കുന്നത് സ്തനാർബുദം മൂലമുള്ള മരണസാധ്യത കുറയ്ക്കുമെന്ന് പഠനം: അറിയേണ്ടതെല്ലാം

 കോഫി കുടിക്കുന്നത് സ്തനാർബുദം മൂലമുള്ള മരണസാധ്യത കുറയ്ക്കുമെന്ന് പഠനം: അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം (Breast Cancer). 2024-ൽ മാത്രം ആഗോളതലത്തിൽ ഏകദേശം 6,94,000 സ്ത്രീകൾ സ്തനാർബുദം മൂലം മരണമടഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, കൃത്യമായ വൈദ്യപരിചരണത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുന്നത് സ്തനാർബുദം മൂലമുള്ള മരണസാധ്യതയും രോഗം വീണ്ടും വരാനുള്ള സാധ്യതയും (Recurrence risk) കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

‘ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ’ (British Journal of Nutrition) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, സസ്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നതും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നവുമായ ‘പോളിഫെനോളുകൾ’ (Polyphenols) സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

പഠനം പറയുന്നത് എന്ത്? സ്തനാർബുദം സ്ഥിരീകരിച്ച 95 സ്ത്രീകളിൽ ശരാശരി 11.5 വർഷത്തോളം നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഉയർന്ന അളവിൽ പോളിഫെനോളുകൾ, പ്രത്യേകിച്ച് ഫിനോളിക് ആസിഡുകൾ (Phenolic acids), ലിഗ്നാനുകൾ (Lignans) എന്നിവ കഴിക്കുന്നത് സ്തനാർബുദം മൂലമുള്ള മരണം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. ഇതിൽ ഫിനോളിക് ആസിഡിന്റെ ഉപയോഗം രോഗം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കുമ്പോൾ, പോളിഫെനോളുകളുടെ മൊത്തത്തിലുള്ള സാന്നിധ്യം രോഗികളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതായി കണ്ടു. പഠനത്തിൽ പങ്കെടുത്തവരിൽ ഈ ഘടകങ്ങൾ ഏറ്റവും കൂടുതൽ ശരീരത്തിലെത്തിയത് കോഫി (Coffee) ഉപയോഗത്തിലൂടെയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് പോളിഫെനോളുകൾ? അവ എങ്ങനെ പ്രവർത്തിക്കുന്നു? ബെറികൾ, കൊക്കോ, കാപ്പി, പച്ചക്കറികൾ, എക്സ്ട്രാ വേർജിൻ ഒലിവ് ഓയിൽ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന സ്വാഭാവിക സസ്യ ഘടകങ്ങളാണ് പോളിഫെനോളുകൾ.

പഠനത്തിൽ പങ്കാളിയല്ലാത്ത പ്രമുഖ ഡയറ്റീഷ്യൻ മോണിക് റിച്ചാർഡിന്റെ അഭിപ്രായത്തിൽ, ശരീരത്തിലെ കോശജ്വലനം (Inflammation), ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഇൻസുലിൻ സെൻസിറ്റിവിറ്റി, പ്രതിരോധ സംവിധാനം എന്നിവയെ പോളിഫെനോളുകൾ സ്വാഭാവികമായി സ്വാധീനിക്കുന്നു. ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന വിട്ടുമാറാത്ത വീക്കങ്ങളെയും ഫ്രീ റാഡിക്കലുകളെയും തടയാൻ പോളിഫെനോളുകൾക്ക് സാധിക്കും. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളെ സഹായിച്ചുകൊണ്ട് ഈസ്ട്രജൻ ഹോർമോൺ മൂലമുണ്ടാകുന്ന അർബുദ വളർച്ച തടയാനും ലിഗ്നാനുകൾക്ക് കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

കൂടുതൽ ഗവേഷണങ്ങൾ അത്യാവശ്യം ഈ കണ്ടെത്തലുകൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, കാപ്പിയോ മറ്റ് പോളിഫെനോൾ അടങ്ങിയ പാനീയങ്ങളോ അമിതമായി കഴിക്കുന്നത് കൊണ്ട് മാത്രം സ്തനാർബുദത്തെ പ്രതിരോധിക്കാം എന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് ക്യാൻസർ ഗവേഷകയായ ഡോ. ട്രേസി ക്രെയ്ൻ വ്യക്തമാക്കുന്നു. വലിയ ജനവിഭാഗങ്ങളിൽ വിശദമായ തുടർപഠനങ്ങൾ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News