അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർ; 13 പ്രതികൾ കുറ്റക്കാർ

 അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർ; 13 പ്രതികൾ കുറ്റക്കാർ

BY: HABEEB IDAPALLI

കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ഇന്ന് വൈകിട്ട് മൂന്നിന്

എറണാകുളം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ ജഡ്ജി പി. ശബരിനാഥ് വെറുതെവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേർക്കുള്ള ശിക്ഷ ഇന്ന് (നവംബർ 19) വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് 14 വർഷങ്ങൾക്കു ശേഷമാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ കൊലക്കുറ്റം (ഐപിസി 302) തെളിഞ്ഞ ഏഴ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു.

വിധിപ്രസ്താവത്തിലെ പ്രധാന വിവരങ്ങൾ

  • കൊലക്കുറ്റം തെളിഞ്ഞവർ (7 പേർ): ഒന്ന്, മൂന്ന്, ഏഴ്, ഒൻപത്, 10, 12, 15 പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള (ഐപിസി 302, 143, 147, 148, 341, 323, 324, 149) വകുപ്പുകൾ തെളിഞ്ഞു. ഇതിൽ ഏഴ്, ഒൻപത്, 10, 12, 15 പ്രതികൾക്കെതിരെ അതിക്രമിച്ചു കയറിയതിനുള്ള 447-ാം വകുപ്പും, 12-ാം പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ (506), തട്ടിക്കൊണ്ടുപോകൽ (364) എന്നീ വകുപ്പുകളും അധികമായി തെളിഞ്ഞിട്ടുണ്ട്.
  • മറ്റു പ്രതികൾക്കെതിരെ തെളിഞ്ഞ കുറ്റങ്ങൾ: 14, 25, 26, 27, 28 പ്രതികൾക്കെതിരെ 143, 147, 447, 452, 506(ഒന്ന്), 341, 149 എന്നീ വകുപ്പുകളും, 16-ാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള (511, 201) വകുപ്പുകളുമാണ് തെളിഞ്ഞത്.
  • ശിക്ഷിക്കപ്പെട്ട 13 പ്രതികൾ: കെ.വി. സുമേഷ് (1), അനൂപ് (3), പവിത്രൻ പോരയിൽ (7), പി.വി. മനോഹരൻ (9), മൈന ദിനേശൻ എന്ന എം.വി. ദിനേശൻ (10), വടി ബിജു എന്ന ബിജുമോൻ (12), ഇ.പി. രാധാകൃഷ്ണൻ (14), ഷിജിൻ മോഹൻ (15), കെ.വി. സജിത്ത് (16), വി.വി. മോഹനൻ (25), എം.വി. പുരുഷോത്തമൻ (26), പി.കെ. അജിത് കുമാർ (27), പി.പി. സുരേശൻ (28).

പ്രമുഖ നേതാക്കൾക്ക് ആശ്വാസം

രാവിലെ 11-ഓടെ കലൂരിലെ മൂന്നാം നമ്പർ പ്രത്യേക സിബിഐ കോടതിയിൽ ആരംഭിച്ച വിധിപ്രസ്താവത്തിൽ ആദ്യം വെറുതെവിടുന്നവരുടെ പേരുകളാണ് കോടതി വായിച്ചത്. കേസിൽ 32-ാം പ്രതിയായ പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ്, 19-ാം പ്രതി ശ്യാംജിത്ത് എന്നിവർക്കെതിരെ സിബിഐ ചുമത്തിയിരുന്ന ക്രിമിനൽ ഗൂഢാലോചന (120 ബി), കൊലപാതകം (302), തട്ടിക്കൊണ്ടുപോകൽ (364), വധശ്രമം (307) എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇവർക്കൊപ്പം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപിക്കപ്പെട്ടിരുന്ന മറ്റ് 15 പേരെയും കോടതി കുറ്റവിമുക്തരാക്കി. ആകെയുള്ള 33 പ്രതികളിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

നിർണായകമായത് സക്കറിയയുടെ മൊഴി

ഷുക്കൂറിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതിനും, ഒപ്പമുണ്ടായിരുന്ന സക്കറിയയെ വധിക്കാൻ ശ്രമിച്ചതിനും, വീട്ടിൽ അഭയം തേടിയവരെ പിടിച്ചിറക്കിക്കൊണ്ടുപോയി അന്യായമായി തടഞ്ഞുവച്ചതിനുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ സക്കറിയയുടെ മൊഴി കേസിൽ നിർണായകമായി.

വിധി കേൾക്കാനായി ജാമ്യത്തിലുള്ള പ്രതികൾ ഉൾപ്പെടെ എല്ലാവരും കോടതിയിൽ ഹാജരായിരുന്നു. സാധാരണ പോലെയൊരു ദിവസം മാത്രമാണിതെന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. മുൻ സ്പീക്കർ എ.എൻ. ഷംസീർ, പി.പി. ദിവ്യ തുടങ്ങി കണ്ണൂരിൽ നിന്നുള്ള നിരവധി സിപിഎം നേതാക്കളും പ്രവർത്തകരും, ഷുക്കൂറിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. വിധിപ്രസ്താവം കണക്കിലെടുത്ത് കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് കലൂർ കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News