ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി
BY:SHIBU K THAMPI IDUKKI
കട്ടപ്പന: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന പാറക്കടവ് റോഡിലാണ് പുതിയ മാതൃകയിലുള്ള ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ യു.ഐ.ഡി.എ.ഐ നേരിട്ട് പ്രവർത്തിപ്പിക്കുന്ന ഏക കേന്ദ്രമാണിത്.
പുതിയ ആധാർ രജിസ്ട്രേഷൻ മുതൽ നിലവിലുള്ള കാർഡുകളിലെ വിവരങ്ങൾ പുതുക്കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ, ആധാർ സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങളും പരാതികളും നേരിട്ട് പരിഹരിക്കുന്നതിനായി പ്രത്യേക പരാതിപരിഹാര സെല്ലും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനസമയം. തിരക്ക് ഒഴിവാക്കി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി bookappointment.uidai.gov.in എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി വീൽചെയർ സൗകര്യവും പ്രത്യേക ശുചിമുറികളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആധാർ എൻറോൾമെന്റിനും വിവരങ്ങൾ പുതുക്കുന്നതിനുമായി എത്തുന്നവരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് എല്ലാ ജില്ലകളിലും ഓരോ സേവാ കേന്ദ്രങ്ങൾ വീതം ആരംഭിക്കാൻ യു.ഐ.ഡി.എ.ഐ തീരുമാനിച്ചത്.
