ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ എൻഡിഎ സർക്കാർ വരുമെന്ന് പ്രധാനമന്ത്രി
തിരുവല്ല:
കേരളത്തിൽ ദശകങ്ങളായി തുടരുന്ന ദുർഭരണത്തിന് അന്ത്യം കുറിച്ച് മെയ് നാലിന് എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ സംഘടിപ്പിച്ച എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ പതനത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്ത് ചരിത്രം തിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുൻപും പലതവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സംസ്ഥാനത്ത് വീശുന്ന രാഷ്ട്രീയ കാറ്റ് വ്യത്യസ്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിനാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിലൂടെ ജനങ്ങൾ മാറ്റത്തിന് തുടക്കമിടുമെന്നും മെയ് നാലിന് ഫലം വരുമ്പോൾ ബിജെപി നയിക്കുന്ന സർക്കാർ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഗ്രാമീണ റോഡുകൾ പരിതാപകരമാണെന്നും പാലങ്ങളുടെയും റോഡുകളുടെയും അവസ്ഥ മോശമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എടുത്തുപറഞ്ഞ അദ്ദേഹം, വ്യവസായങ്ങൾക്ക് വലിയ സാധ്യതയുള്ള കേരളം വികസനത്തിൽ പിന്നോട്ടടിക്കപ്പെടുകയാണെന്നും കുറ്റപ്പെടുത്തി. യുപിഎ സർക്കാർ നൽകിയതിനേക്കാൾ അഞ്ചിരട്ടി സഹായം എൻഡിഎ സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
