യോഗ ലോകത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മ: കൊൽക്കത്തയിൽ അന്താരാഷ്‌ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കൊൽക്കത്ത:
അന്താരാഷട്ര യോഗ ദിനം ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഒരേമനസ്സോടെ ആചരിക്കുന്നതോടെ, യോഗ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ ആഘോഷമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കൊൽക്കത്ത റെഡ് റോഡിൽ വിപുലമായ യോഗ ദിന ആഘോഷങ്ങൾക്ക് തുടക്കമായത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പശ്ചിമ ബംഗാൾ സംസ്ഥാനം സാക്ഷ്യം വഹിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വൻകിട ഔദ്യോഗിക യോഗ ദിന പരിപാടിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രായമാകുന്തോറും മനുഷ്യനെ അലട്ടുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി ചെറുക്കാനും, ശാരീരിക ഉൻമേഷം, മാനസിക ശക്തി, രോഗപ്രതിരോധ ശേഷി എന്നിവ നിലനിർത്താനും യോഗ ഒരു മികച്ച ഔഷധമാണെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഭൂമിയുടെ പല ഭാഗങ്ങളിലും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ജൂൺ 21. ഈ ദിവസം ഇപ്പോൾ ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മയുടെ ദിനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുഴുവൻ രാഷ്‌ട്രവും ലോകവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി ഇന്ന് തോന്നുന്നു. ഇതാണ് യോഗയുടെ യഥാർത്ഥ ശക്തി. യോഗ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു. ഈ അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ലോകമെമ്പാടുമുള്ള മുഴുവൻ മനുഷ്യ സമൂഹത്തിനും ഞാൻ എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.” — പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിൽ ഹിമാലയൻ മലനിരകൾ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ മുതൽ പടിഞ്ഞാറ് സൗരാഷ്‌ട്ര വരെയും രാജ്യം ഒന്നടങ്കം ഇന്ന് യോഗയുടെ പോസിറ്റീവ് ഊർജ്ജത്താൽ നിറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
