ഹൃദയാരോഗ്യത്തിന് കൃത്യസമയത്തുള്ള ഉറക്കം അനിവാര്യം; ഉറക്കക്കുറവ് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു
ഒലു (ഫിൻലാൻഡ്): കൃത്യമല്ലാത്ത ഉറക്കസമയവും എട്ട് മണിക്കൂറിൽ കുറഞ്ഞ ഉറക്കവും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. ഫിൻലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒലുവിൽ നിന്നുള്ള ഗവേഷകർ മധ്യവയസ്കരായ വ്യക്തികളിൽ ദീർഘകാലം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പങ്കെടുക്കുന്നവരുടെ ഏഴ് ദിവസത്തെ ഉറക്കശീലങ്ങൾ നിരീക്ഷിച്ച ശേഷം അടുത്ത 10 വർഷത്തെ അവരുടെ ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഉറക്കസമയത്തിൽ കൃത്യതയില്ലാത്തവരിലും രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിലും ഗുരുതരമായ ഹൃദയസംബന്ധമായ രോഗങ്ങൾ (MACE) ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.
തുടർച്ചയായ ഉറക്കപ്രശ്നങ്ങൾ പ്രമേഹം, അമിതവണ്ണം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്ന് മുൻപ് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ സമയക്രമം പാലിക്കാത്തതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നതാണ് പുതിയ പഠനത്തിലെ പ്രധാന മുന്നറിയിപ്പ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം പോലെ തന്നെ കൃത്യസമയത്തുള്ള ഉറക്കവും അനിവാര്യമാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.
