ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

 ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

ബെംഗളൂരു:

ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള (15) തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ വിനോദയാത്രയ്ക്ക് എത്തിയത്.

കർണാടക പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. സഹായത്തിനായി കേരള പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് 300 അടി താഴ്ചയിലുള്ള കൊക്കകളിൽ വരെ പരിശോധന നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം ഫോട്ടോ എടുത്ത ശേഷം സംഘം മലയിറങ്ങുമ്പോഴാണ് ശ്രീനന്ദ കൂടെയില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.

പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീഴാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അത് തള്ളിക്കളഞ്ഞു. ഇതോടെ, കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സംഭവസമയത്ത് മറ്റ് പത്തോളം പേർ കൂടി സ്ഥലത്തുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. ഇവർ ആരൊക്കെയെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മാതാപിതാക്കളുടെ പരാതിയിൽ ചിക്കമംഗളൂരു നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വിപുലമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News